ഫുട്ബാൾ ഗാലറികളിൽ 100 ശതമാനം കാണികൾ
text_fieldsദുബൈ: തിയറ്ററുകൾക്കു പിന്നാലെ യു.എ.ഇയിലെ ഫുട്ബാൾ സ്റ്റേഡിയങ്ങളിലും 100 ശതമാനം കാണികളെ അനുവദിക്കാൻ തീരുമാനം. യു.എ.ഇ ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. പരിപാടികൾ പൂർണശേഷിയിൽ നടത്താമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സാമൂഹിക അകലം പാലിച്ചായിരുന്നു കാണികളെ ഇരുത്തിയിരുന്നത്. കോവിഡിനുശേഷം ആദ്യമായാണ് ഗാലറിയിലെ നിയന്ത്രണം പൂർണമായും ഒഴിവാക്കുന്നത്. അതേസമയം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യു.എ.ഇ പ്രോലീഗിലേക്ക് 12 വയസ്സിൽ താഴെയുള്ളവരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വാക്സിനെടുത്തതിന്റെ തെളിവും അൽഹുസ്ൻ ആപ്പിലെ ഗ്രീൻ സിഗ്നലും നിർബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് ഫലവും ഹാജരാക്കണം. തിയറ്ററുകൾ ഇന്നു മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം പകുതി മുതൽ വിനോദപരിപാടികളും ടൂറിസം പരിപാടികളും വേദികളുടെ പൂർണശേഷിയിൽ ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിരുന്നു. അതേസമയം, പരമാവധി ശേഷി സംബന്ധിച്ച് വേണമെങ്കിൽ അതത് എമിറേറ്റുകളിലെ ദുരന്തനിവാരണ സമിതികൾക്ക് തീരുമാനമെടുക്കാം.
ഈ മാസം പകുതി മുതൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരിധി ഉയർത്താനും യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിട്ടുണ്ട്. എത്ര ശതമാനം എന്നത് ഓരോ എമിറേറ്റുകളിലെയും പ്രാദേശിക സമിതികൾക്ക് തീരുമാനിക്കാം. പള്ളികളിലെ സാമൂഹിക അകലം ഒന്നര മീറ്ററിൽനിന്ന് ഒരു മീറ്ററായും കുറച്ചു. ഈ മാസം നിരീക്ഷിച്ചശേഷം ഈ നിയന്ത്രണം കുറക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

