എക്സ്പോ മിഴിതുറക്കാൻ 100 ദിനങ്ങൾ
text_fieldsദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ മേളയുടെ വാതിൽ തുറക്കാൻ ഇനി 100 ദിവസം കൂടി. യു.എ.ഇയുടെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, സാങ്കേതിക മേഖലകളെ ഉടച്ചുവാർക്കാനൊരുങ്ങുന്ന എക്സ്പോ 2020യിലേക്ക് കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കയാണ് അറബ് ലോകം. അഞ്ചു വർഷം മുമ്പ് തുടങ്ങിയ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എല്ലാ രാജ്യങ്ങളുടെയും പവിലിയനുകൾ പൂർത്തിയായി. 1083 ഏക്കറിൽ വ്യാപിച്ച നഗരിയിൽ ശതകോടികളുടെ ആഘോഷങ്ങളാണ് ഒരുങ്ങുന്നത്.
ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31വരെയാണ് ലോകത്തെ വിസ്മയിപ്പിക്കാൻ എക്സ്പോ എത്തുന്നത്.കഴിഞ്ഞ വർഷം ഒക്ടോബർ 20ന് തുടങ്ങേണ്ടതാണ്. എന്നാൽ, അപ്രതീക്ഷിത മഹാമാരി എക്സ്പോയുടെയും കലണ്ടർ തെറ്റിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ഒരുവർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും, എക്സ്പോ 2020 എന്നപേര് നിലനിർത്താനും തീരുമാനിച്ചു.
190 രാജ്യങ്ങളുടെ പവിലിയനാണ് എക്സ്പോ നഗരിയിൽ ഒരുങ്ങുന്നത്. ഇന്ത്യയുടേതടക്കം പവിലിയനുകൾ അവസാന ഘട്ടത്തിലാണ്. ലോകം കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ പറഞ്ഞറിയിക്കാനാവാത്ത വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തർ ലോകകപ്പും ദുബൈ എക്സ്പോയുമാണ് അടുത്ത രണ്ട് വർഷം ഗൾഫ് രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷകൾ. വാക്സിനേഷൻ പരമാവധി ജനങ്ങളിലേക്കെത്തിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറക്കാനും സുരക്ഷിത എക്സ്പോ നടത്താനുമാണ് പദ്ധതി.
അൽപം ചരിത്രം
170 വർഷത്തെ ചരിത്രം പറയാനുണ്ട് എക്സ്പോക്ക്. 1851ൽ ലണ്ടനിലാണ് ആദ്യ എക്സ്പോ നടക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുേമ്പാഴും ബ്യൂറോ ഓഫ് ഇൻറർനാഷനൽ എക്സ്പോസിഷെൻറ മേൽനോട്ടത്തിലാണ് എക്സ്പോ അരങ്ങേറുന്നത്.
വിവിധ കാരണങ്ങളാൽ പല വർഷങ്ങളിലും കാലംതെറ്റിയാണ് എക്സ്പോ നടന്നത്. ആറു മാസമാണ് മേള. 1962ലെ ലണ്ടൻ എക്സ്പോയിലാണ് ചാൾസ് ബാബേജ് ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിക്കുന്നത്. 1876ൽ അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ ലോകത്തിന് സമർപ്പിച്ചതും മറ്റൊരു എക്സ്പോയിലൂടെയാണ്. ടെലിവിഷനും മൊബൈൽ ഫോൺ സാങ്കേതിക വിദ്യകളുമെല്ലാം ലോകത്തിന് പരിചയപ്പെടുത്തിയത് 20ാം നൂറ്റാണ്ടിലെ എക്സ്പോ വേദികളാണ്.
കഴിഞ്ഞ എക്സ്പോ 2015ൽ ഇറ്റലിയിലെ മിലാനിലായിരുന്നു. ഇതിനും രണ്ട് വർഷം മുൻപാണ് ദുബൈ എക്സ്പോ പ്രഖ്യാപിക്കപ്പെട്ടത്. തുർക്കിയിലെ ഇസ്മിർ, റഷ്യയിലെ യെക്കാറ്റരിൻബർഗ്, ബ്രസീലിലെ സാവോ പോളോ എന്നീ നഗരങ്ങളുടെ അവകാശവാദങ്ങളെ മറികടന്നാണ് ദുബൈ 2020ൽ എക്സ്പോ നടത്താനുള്ള അവകാശം സ്വന്തമാക്കിയത്. ഇതിലേക്കുള്ള തന്ത്രങ്ങൾ മെനയുന്നതിന് 2010ൽ ചൈനയിൽ നടന്ന ഷാങ്ഹായ് എക്സ്പോയിൽ യു.എ.ഇയുടെ നിരീക്ഷണമുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച മേളയായിരുന്നു ഇത്.
2020ലെ നടത്തിപ്പ് അവകാശം കിട്ടിയതോടെ 2015ലെ മിലാൻ എക്സ്പോയിലെ സജീവ സാന്നിധ്യമായി യു.എ.ഇ. അന്നു മുതൽ തുടങ്ങിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്. അറബ് ലോകത്തേക്ക് ആദ്യമായാണ് എക്സ്പോ വിരുന്നെത്തുന്നത്.

യാത്രസൗകര്യം തയാർ
ആറു മാസത്തിനിടെ രണ്ടു കോടിയിലേറെ സന്ദർശകരെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്. അതിനാൽതന്നെ, വമ്പൻ ഗതാഗത സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദുബൈ അൽ മക്തൂം വിമാനത്താവളമായിരിക്കും എക്സ്പോ നഗരിയോട് ഏറ്റവും അടുത്ത എയർപോർട്ട്. ഒരേ സമയം ആയിരക്കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
എക്സ്പോയിലേക്ക് പ്രത്യേക റോഡുതന്നെ ഒരുക്കിയിരിക്കുന്നു. നഗരിയിലേക്കുള്ള മെട്രോ ലൈനും എക്സ്പോ സ്റ്റേഷനും അടുത്തിടെ തുറന്നിരുന്നു. ഇവിടേക്കുള്ള ആറ് സ്റ്റേഷനുകളിൽ അഞ്ചും തുറന്നു. ഇവിടേക്ക് മെട്രോ സർവിസ് ആരംഭിച്ചിട്ടുെണ്ടങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നില്ല. എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം. ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷൻ മാത്രമാണ് ഇനി തുറക്കാനുള്ളത്.
ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുമെന്ന് കരുതുന്ന എക്സ്പോ സ്റ്റേഷന് 18,800 ചതുരശ്ര മീറ്റർ വലിപ്പമുണ്ട്. ദിവസവും 5.22 ലക്ഷം പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 27,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ സ്റ്റേഷനുണ്ട്. തിരക്കേറിയ സമയങ്ങളിൽ രണ്ടര മിനിറ്റിെൻറ ഇടവേളകളിൽ ട്രെയിനുകളെത്തും. എക്സ്പോ സന്ദർശകർക്ക് മാത്രമല്ല, ഈ മേഖലയിലെ താമസക്കാർക്കും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഏറെ ഉപകാരപ്പെടുന്ന പാതയാണിത്.
സൈക്കിളിലെത്തുന്നവർക്കായി പ്രത്യേക പാതയും നിർമിക്കുന്നുണ്ട്. സൈക്കിളിനെയും ബസ് സർവിസിനെയും ഇ- സ്കൂട്ടറുകളെയും കോർത്തിണക്കിയാണ് ഈ റൂട്ട് സജ്ജമാകുന്നത്.
എക്സ്പോക്ക് ശേഷം എന്ത്?
സംശയിക്കേണ്ട, അവിടെയൊരു പുതിയ നഗരം തന്നെ കെട്ടിപ്പടുക്കാനാണ് ദുബൈയുടെ തീരുമാനം. ഡിസ്ട്രിക്ട് 2020 എന്ന പേരിലായിരിക്കും സ്മാർട്ട് സിറ്റി രൂപപ്പെടുക.
എക്സ്പോ അവസാനിച്ച് ആറു മാസത്തിനും ഒരുവർഷത്തിനുള്ളിൽ പുതുനഗരം യാഥാർഥ്യമാകും. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ള കെട്ടിടങ്ങൾ. ഭാവിയിൽ ഇത് സ്വകാര്യ ഉടമകൾക്കും സ്വന്തമാക്കാൻ അവസരം ലഭിക്കും.
വിൽപനക്കും പാട്ടത്തിനുമെല്ലാം കെട്ടിടങ്ങൾ കൈമാറും. ചില കെട്ടിടങ്ങളുടെ വിൽപന വൈകാതെ നടക്കും. ഘട്ടംഘട്ടമായ പദ്ധതികളിലൂടെയാവും നഗരം പൂർത്തിയാക്കുക. ആദ്യഘട്ടം 2023 മാർച്ചിനു മുമ്പ് തുറക്കും.
എക്സ്പോക്കുവേണ്ടി പ്രത്യേകം നിർമിച്ച ഭാഗങ്ങൾ മാത്രമാണ് പൊളിച്ചുമാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

