ദുബൈയിൽ സാമ്പത്തിക രംഗത്തിന് കരുത്തേകാൻ 100 കോടിയുടെ പദ്ധതി
text_fieldsശൈഖ് ഹംദാന്‍റെ അധ്യക്ഷതയിൽ ചേർന്ന ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം
ദുബൈ: എമിറേറ്റിലെ സാമ്പത്തിക രംഗത്തിന് കരുത്തും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെ 100 കോടി ദിർഹം മൂല്യമുള്ള സാമ്പത്തിക പ്രോത്സാഹന പദ്ധതികൾക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയത്. 3 മുതൽ 6 മാസം വരെ സംരംഭം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബിസിനസുകൾക്കും വ്യക്തികൾക്കും സാമ്പത്തിക സമ്മർദം കുറക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഫീസുകൾ 3 മാസത്തേക്ക് നീട്ടിവെക്കും.
ഹോട്ടലുകൾക്ക് 100 ശതമാനം സെയിൽസ് ഫീസും വിനോദസഞ്ചാര മേഖലയിൽ ടൂറിസം ദിർഹം ഫീസും താൽക്കാലികമായി അടക്കാതെ തുടരാൻ അനുമതി നൽകും. കസ്റ്റംസ് ക്ലിയറൻസ് ഗ്രേസ് പീരിയഡ് 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തുകയും ആവശ്യമെങ്കിൽ കൂടുതൽ നീട്ടാനും സാധ്യത തുറന്നിട്ടുണ്ട്. റെസിഡൻസി പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും നടപടികൾ ലളിതമാക്കുന്നl പദ്ധതിയിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം നാലാം പാദത്തിൽ ദുബൈയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമാണെന്നാണ് രേഖപ്പെടുത്തിയത്. 2025ൽ മൊത്ത ആഭ്യന്തര ഉൽപാദനം 5.4 ശതമാനം വർധിച്ച് 937 ബില്യൺ ദിർഹമായി. സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ കൃത്യമായി അളക്കാൻ ജി.ഡി.പി കണക്കാക്കുന്ന രീതി പുതുക്കാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ദുബൈ കസ്റ്റംസ് മേൽനോട്ടത്തിലുള്ള വെർച്വൽ വെയർഹൗസസ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആർട്ട് വർക്ക് ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള സാധനങ്ങളുടെ താൽക്കാലിക ഇറക്കുമതി എളുപ്പമാക്കും. ആർട്ട് വർക്ക് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കുകയും 3 വർഷത്തേക്ക് തീരുവ ഒഴിവാക്കുകയും ചെയ്യും.
കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ദുബൈ എംപവർമെന്‍റ് സ്ട്രാറ്റജിയിൽ ഇമാറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വീട്ടിൽ നിന്നുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹെൽത്ത് ആൻഡ് സേഫ്റ്റി സ്ട്രാറ്റജിക്കും അംഗീകാരം നൽകിയിട്ടുണ്ട്.
2033ഓടെ തൊഴിലാളികൾക്ക് 100 ശതമാനം ആവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുകയും താമസ കേന്ദ്രങ്ങൾ മുഴുവനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും പ്രായോഗിക പിന്തുണ നൽകുന്നതിനുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് യോഗത്തിൽ അംഗീകരിച്ച നടപടികൾ അടയാളപ്പെടുത്തുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

