പിതാവിന്റെ ക്രൂര മർദനം; പൊലീസ് ആപ്പിൽ പരാതിപ്പെട്ട് 10 വയസ്സുകാരൻ
text_fieldsദുബൈ: പിതാവിന്റെ ക്രൂരമർദനത്തിൽ ശരീരത്തിലേറ്റ പാടുകൾ സഹപാഠികളിൽനിന്ന് മറച്ചുപിടിക്കാൻ അവൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ശാരീരിക മർദനം തുടർന്നതോടെ മാനസികമായും തളർന്നു. പഠനത്തേയും ബാധിച്ചു. ഇത് സ്കൂൾ അധ്യാപകരിലും ആശങ്കയുളവാക്കി. പക്ഷേ, അവൻ ഒന്നും മിണ്ടിയിരുന്നില്ല. സഹികെട്ടതോടെയാണ് പൊലീസ് ആപ്പിലൂടെ സ്വന്തം പിതാവിനെതിരെ പരാതി നൽകിയത്. 10 വയസ്സുകാരന്റെ പരാതി കേട്ട ഉടനെ ദുബൈ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു.
പിതാവിനെ വിളിച്ചുവരുത്തിയ പൊലീസ് കാര്യം അന്വേഷിച്ചെങ്കിലും ആദ്യം കുറ്റം സമ്മതിക്കാൻ അയാൾ കൂട്ടാക്കിയില്ല. താൻ അനുഭവിച്ചറിഞ്ഞ രക്ഷാകർതൃ ശൈലി മകനിലും പിന്തുടരുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അത് തന്റെ മകനെ കൂടുതൽ ശക്തനാക്കുമെന്നായിരുന്നു അയാളുടെ വിശ്വാസം. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. പിതാവിന്റെ കടുത്ത ശിക്ഷണം മകനെ മാനസിക സമ്മർദത്തിലേക്കും ട്രോമ അവസ്ഥയിലേക്കുമാണ് കൊണ്ടെത്തിച്ചത്. ഇത്തരം രീതികൾ നിയമപരമായി ഒരുതരത്തിലും സ്വീകാര്യമല്ലെന്ന് വനിത-ശിശു സംരക്ഷണ ഡിപ്പാർട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. അലി അൽ മത്റൂശി പറഞ്ഞു. എല്ലാം തുറന്നുപറഞ്ഞാൽ വീട്ടിൽനിന്ന് കൂടുതൽ ശിക്ഷ കിട്ടുമോ എന്ന് പേടിച്ച് കുട്ടി ആദ്യം ഒന്നും പറഞ്ഞിരുന്നില്ല.
അവന്റെ വിശ്വാസം ആർജിച്ച ശേഷം ആത്മവിശ്വാസം നൽകിയാണ് പൊലീസ് ആപ്പിലൂടെ പരാതി നൽകാൻ കുട്ടി തയാറായത്. പിതാവിന്റെ ചെയ്തികൾ കുട്ടിയുടെ ശരീരത്തിലും മനസ്സിലും വലിയ ആഘാതമാണ് വരുത്തിവെച്ചതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. പൊലീസ് ഇടപെടലിനൊടുവിൽ തന്റെ ശിക്ഷണരീതി മാറ്റാമെന്ന് പിതാവ് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ പിതാവിനെതിരെ നിയമപരമായ നടപടികളും സ്വീകരിക്കും. കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നത് തുടരാനാണ് പൊലീസ് തീരുമാനം. കുട്ടികൾക്കെതിരെയുണ്ടാകുന്ന ഏത് അക്രമവും ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ അറിയിക്കാം. കൂടാതെ 901 എന്ന ടോൾ ഫ്രീ നമ്പറും ഉപയോഗിക്കാം. അതോടൊപ്പം അൽ തവാറിലെ ദുബൈ പൊലീസ് ആസ്ഥാനത്തുള്ള ചൈൽഡ് ഒയാസിസ് സെന്ററിൽ നേരിട്ടും പരാതി നൽകാമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

