അബൂദബിയിൽ 10 വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കും
text_fieldsഅബൂദബി: അബൂദബിക്കും മറ്റു എമിറേറ്റുകള്‍ക്കുമിടയില്‍ വ്യോമഗതാഗത ബന്ധം വര്‍ധിപ്പിക്കുന്നതിനായി എയര്ടാക്സികള്ക്കും ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്ക്രാഫ്റ്റുകൾക്കുമായി 10 വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ച് അബൂദബി എയര്‍പോര്‍ട്സ് അതോറിറ്റി. അബൂദബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എലീന സോര്ലിനിയാണ് ഇക്കാര്യം അറിയിച്ചത്. 2026ല്‍ വെര്‍ട്ടിപോര്‍ട്ടുകളുടെ പ്രവര്‍ത്തനം തുടങ്ങുമെന്നും അബൂദബി ഓട്ടോണമസ് വീക്ക് 2025 വേദിയില്‍ നടന്ന പാനല്‍ സംവാദത്തില്‍ അവര്‍ വ്യക്തമാക്കി.യു.എസ് കമ്പനിയായ ആര്‍ചര്‍ ഏവിയേഷനുമായി സഹകരിച്ചാണ് അബൂദബി എയര്‍ ടാക്സി സർവിസ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം മുതൽ എയര്‍ടാക്സികള്‍ പ്രവര്‍ത്തനം തുടങ്ങും.
അടുത്ത വര്‍ഷം അവസാന പാദത്തില്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകളുടെ പ്രവർത്തനത്തിനുള്ള നിയമത്തിന് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.മികച്ച യാത്രാനുഭവം നല്‍കുന്നതിനായി ഒമ്പത് ടച്ച് പോയന്റുകളില്‍ അഞ്ചിടത്തും ബയോമെട്രിക് സൗകര്യം ഏര്‍പ്പെടുത്തിയതായും എലീന സോര്‍ലിനി പറഞ്ഞു. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം സമ്മാനിക്കുന്നതിനും സുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
അബൂദബിയുടെ വ്യാപാരം, ടൂറിസം, കണക്ടിവിറ്റി എന്നിവ മെച്ചപ്പെടുത്താനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അബൂദബിയിലുടനീളം നിര്‍മിക്കുന്ന വെര്‍ട്ടിപോര്‍ട്ടുകളുടെ ചുമതല തങ്ങള്‍ക്കായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ ബത്തീൻ വിമാനത്താവളത്തിനുള്ളില്‍ ഇതിനകം വെര്‍ട്ടിപോര്‍ട്ടുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എലീന സോര്‍ലിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

