യു.എ.ഇയുടെ സഹായവുമായി 10 വാഹനവ്യൂഹങ്ങൾ ഗസ്സയിൽ
text_fieldsയു.എ.ഇയിൽനിന്നുള്ള മാനുഷിക സഹായങ്ങളുമായി വാഹനവ്യൂഹം ഗസ്സയിലേക്ക് പ്രവേശിക്കുന്നു
ദുബൈ: യു.എ.ഇയിൽനിന്നുള്ള മാനുഷിക സഹായങ്ങളുമായി പത്ത് വാഹനവ്യൂഹങ്ങൾ റഫ അതിർത്തി വഴി ഗസ്സയിലെത്തി. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനും ആശ്വാസം നൽകുന്നതിനുമുള്ള യു.എ.ഇയുടെ പദ്ധതികളുടെ ഭാഗമായാണ് സഹായം എത്തിച്ചത്. രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായവസ്തുക്കളാണ് 175 ട്രക്കുകളിലായി അതിർത്തി കടന്നത്.
ഭക്ഷണസാധനങ്ങൾ, മെഡിക്കൽ സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷക സപ്ലിമെന്റുകൾ, ഈത്തപ്പഴം, ഷെൽട്ടർ ടെന്റുകൾ, വസ്ത്രങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 2,400 ടണ്ണിലധികം മാനുഷിക സഹായം ഇതിലുണ്ട്. ഇതോടെ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായി ഗസ്സയിലേക്ക് എത്തിക്കുന്ന ആകെ സഹായ വാഹനവ്യൂഹങ്ങളുടെ എണ്ണം 175 ആയിട്ടുണ്ട്. വെടിനിർത്തലിനെതുടർന്ന് സമാധാനം കൈവന്ന ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി യു.എ.ഇ കപ്പൽ ഈ മാസം ആദ്യത്തിൽ ഈജിപ്തിൽ എത്തിയിരുന്നു.
2023ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3ന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസന്റ്, യു.എ.ഇയിലെ മാനുഷിക, ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സഹായങ്ങൾ എത്തിക്കുന്നത്.500ലധികം വിമാനങ്ങൾ, ആറ് കപ്പലുകൾ, ഈജിപ്തിൽനിന്ന് ഗാസയിലേക്ക് സഹായം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 2,500 ലോറികൾ എന്നിവയാണ് 55,000 ടണ്ണിലധികം സഹായം എത്തിക്കാൻ ഇതിനകം ഉപയോഗിച്ചത്. ‘ബേർഡ്സ് ഓഫ് ഗുഡ്നെസ് ഓപറേഷൻ’ന്റെ ഭാഗമായി പാരച്യൂട്ട് വഴി 3,700 ടണ്ണിലധികം മാനുഷിക സഹായവും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

