‘അലുമ്നി ഇംപാക്ട് അവാർഡ്’ അവസാന റൗണ്ടിൽ 10 കൂട്ടായ്മകൾ
text_fieldsദുബൈ: സാമൂഹിക ബന്ധങ്ങൾക്ക് കരുത്തുപകരുന്ന യു.എ.ഇയിലെ ഏറ്റവും മികച്ച കോളജ് അലുമ്നി കൂട്ടായ്മകൾക്ക് ആദരമൊരുക്കുന്ന ‘അലുമ്നി ഇംപാക്ട് അവാർഡി’ന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ‘കമോൺ കേരള’ വേദിയിലാണ് വിജയിയുടെ പ്രഖ്യാപനം നടക്കുക.
യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭം നടപ്പിലാക്കുന്നത്. കുടുംബ സൗഹൃദങ്ങൾ ശക്തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുമ്നികൾ നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ് അവാർഡ് ലക്ഷ്യമിടുന്നത്. വിമല കോളജ് തൃശൂർ-വിമക്സ്, സർ സയ്യിദ് കോളജ് തളിപ്പറമ്പ് -സ്കോട്ട, സെൻറ് തെരേസാസ് അലുമ്നി-ആസ്റ്റ, എം.ഇ.എസ് എൻജി. കോളജ് കുറ്റിപ്പുറം അലുമ്നി, മടപ്പള്ളി ഗവ. കോളജ് അലുമ്നി, ഫറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ-ഫോസ, ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി -ഹിദായ, അസ്മാബി കോളജ് അലുമ്നി അസോസിയേഷൻ, ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ അലുമ്നി, എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ -മെസ്പ എന്നിവയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അന്തിമ പട്ടികയിൽ ഇടംപിടിച്ച ഈ അസോസിയേഷനുകളുടെ പ്രത്യേക ഹ്രസ്വ വിഡിയോ സ്റ്റോറി ‘ഗൾഫ് മാധ്യമം’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വൈകാതെ പ്രസിദ്ധീകരിക്കും. സാമൂഹിക മാധ്യമങ്ങളിലെ വിഡിയോ സ്റ്റോറിയിൽ കമന്റായി ലഭിക്കുന്ന വോട്ടുകളും വിദഗ്ധരടങ്ങുന്ന പാനലിന്റെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ജേതാവിനെ തിരഞ്ഞെടുക്കുക. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ ഏഴാം എഡിഷൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ഒരുക്കുന്നത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെയും ഷാർജ എക്സലൻസ് അവാർഡിന്റെയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. യു.എ.ഇയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 300ലേറെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും സൂപ്പർ സ്റ്റാർ മോഹൻലാൽ, നടി പ്രിയാമണി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകളും പരിപാടിയിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

