Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightവാണിജ്യ മേഖല ഉണരും; ...

വാണിജ്യ മേഖല ഉണരും; പ്രവാസി സ്വപ്​നങ്ങൾ തളിർക്കും

text_fields
bookmark_border
വാണിജ്യ മേഖല ഉണരും;   പ്രവാസി സ്വപ്​നങ്ങൾ  തളിർക്കും
cancel

മൂന്നര വർഷം മുമ്പ് അതിർത്തികൾ അടക്ക​ുന്നത് വരെ, മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അൽമറായി സൗദിയിൽനിന്ന് ഖത്തറിലേക്ക് പ്രതിദിനം അയച്ചിരുന്നത് 200 കണ്ടെയ്നർ (റീഫർ) പാലുൽപന്നങ്ങളും മറ്റ് ലഘു ഭക്ഷണങ്ങളുമായിരുന്നു. ഇത് ദോഹയിൽ സ്വീകരിച്ച് ഖത്തറിലുടനീളം വിതരണം ചെയ്യാൻ അവിടെ പ്രവർത്തിച്ചിരുന്നത് ആ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഏറ്റവും വലിയ വിതരണ ശൃംഖലകളിലൊന്നും.

സൗദി - ഖത്തർ അതിർത്തികൾക്കിടയിലെ സൽവ, അബു സുംറ കവാടങ്ങൾ അടഞ്ഞതോടെ ആദ്യം നിലച്ചത് ഇൗ ഒഴുക്കാണ്. ഏറ്റവും വലിയ ഒരു സംരംഭം ഉദാഹരണമായി പറഞ്ഞെന്ന​ുമാത്രം​. ചെറുതും വലുതുമായ എത്രയോ ഉൽപന്നങ്ങൾ, വിതരണ ശൃംഖലകൾ അടഞ്ഞുപോയ അതിരുകൾക്ക്​ മുന്നിൽ നിസ്സഹായരാവേണ്ടി വന്നു. പെട്രോളിയം കച്ചവടത്തിൽ സൗദിയുമായി ഏറെ സഹകരണമുള്ള ഖത്തർ സൗദിയിലെ നിരവധി കമ്പനികളുടെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്.

ഖത്തറുമായി വാണിജ്യ ബന്ധമുള്ള നിരവധി ട്രേഡിങ് കമ്പനികളാണ് സൗദിയിൽ പ്രവർത്തിക്കുന്നത്. പെെട്ടന്നൊരു ദിവസം ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം അടഞ്ഞതോടെ ഈ വിഭാഗങ്ങളിൽ പെട്ടവരെല്ലാം പ്രതിസന്ധിയിലായി. എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള സ്വതന്ത്രസഞ്ചാരം സാധ്യമാകുന്നതോടെ ചരക്കുനീക്കവും പഴയപടിയാകും. നൂറുകണക്കിന് ചരക്കുവാഹനങ്ങൾ അതിർത്തികടക്കും. ഡ്രൈവിങ് മേഖലയിലടക്കം പുതിയ തൊഴിൽ അവസരങ്ങളുണ്ടാകും.

''വീട്ടിനു മുന്നിൽ തുറന്നുവെച്ച സൂപ്പർമാർക്കറ്റായിരുന്നു ഖത്തരികൾക്ക് ദുബൈ. ഏതു പാതിരാത്രിയിലും എന്തും വാങ്ങാൻ പറ്റുന്ന വലിയ പീടിക. ഇനി പീടികയിലെ പണപ്പെട്ടി നിറഞ്ഞുതന്നെയിരിക്കും. കാരണം പണസഞ്ചിയുമായി ഖത്തരികൾ പീടികയിലേക്കുള്ള വഴിയിലാണ്''. -ദുബൈയിലെ ടെക്​സ്​റ്റയിൽസ് മൊത്ത വ്യാപാരിയായ പാനൂർ സ്വദേശി എം.വി. നിസാറി​െൻറ വാക്കുകളിൽ ഉപരോധം നീക്കിയത്​ യു.എ.ഇയിലെ വാണിജ്യമേഖലക്ക്​ എങ്ങനെ ഉണർവ്​ പകരുമെന്നതി​െൻറ സൂചനയാണ്​. മികച്ച ഉപഭോക്തൃ സമൂഹമാണ് ഖത്തർ. മികവുറ്റ ഉൽപന്നങ്ങളുടെ നിരയുടെ കേന്ദ്രമാണ് ദുബൈ. ഇരുവർക്കുമിടയിലെ പാലം പുനസ്ഥാപിക്കപ്പെടുമ്പോൾ അഭിവൃദ്ധിയും തൊഴിലവസരങ്ങളും സാധ്യതകളുമെല്ലാം അധികരിക്കും. മൊട്ടു സൂചി മുതൽ വിമാനത്തിെൻറ യന്ത്രഭാഗങ്ങൾ വരെ ഇനി ഇരുരാജ്യങ്ങൾക്കിടയിൽ പ്രവഹിക്കും. ഇതോടെ ഉണരുന്ന തൊഴിൽമേഖല മലയാളിപ്രവാസികൾക്ക് മുന്നിലും കൊയ്ത്തുകാലം തുറക്കും. നിത്യോപയോഗ സാധനങ്ങൾ, ഡയറി ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഉപരോധം നീക്കിയത്​ മൂലം ദുബൈ വിപണിയിൽ ചലനം ഉണ്ടാവാത്ത മേഖലകളില്ല.

ഖത്തറിലെ ചെറുകിട വ്യാപരികൾ ഇലക്ട്രോണിക്സ്, വസ്ത്രം, സ്പെയർപാർട്സ് തുടങ്ങിയവക്ക് ദുബൈയെ ആശ്രയിക്കുന്ന പഴയ സാഹചര്യം തിരിച്ചുവരും. ദുബൈയിൽനിന്ന് നേരിട്ട് ചരക്ക് എത്തിച്ച നിരവധി കാർഗോ കമ്പനികളാണ് ഉപരോധത്തോടെ നഷ്​ടത്തിലായത്. പലതും പൂട്ടിപ്പോയി. ഉപരോധം നീങ്ങിയതോടെ പുതിയ കാർഗോ സ്ഥാപനങ്ങളടക്കം വരും. ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും. ഓട്ടോ സ്പെയർപാർട്സ്, ലൂബ്രിക്കൻഡ്​സ്, ബാറ്ററികൾ തുടങ്ങിയവയുടെ ഇറക്കുമതിക്ക് ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളെയായിരുന്നു ഉപരോധകാലത്ത് കമ്പനികൾ ആശ്രയിച്ചിരുന്നത്.

ഇത് അവർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്​ടിച്ചിരുന്നു. ഇതുമാറി പഴയതുപോലെ ദുബൈയിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ കഴിയുന്നതോടെ ദുബൈയിലും ഖത്തറിലും ബിസിനസ്​ രംഗത്ത്​ ഉണർവുണ്ടാകും. ട്രക്ക് ആൻഡ്​ ട്രെയിലർ, ഹെവി ട്രക്ക് ആൻഡ്​ സർവീസ്, ബോഡി ബിൽഡ് അപ്പ് മേഖലയിലടക്കം വൻ കുതിപ്പ്​ ദൃശ്യമാകും. ഉപരോധം നീക്കിയത്​ നിത്യോപയോഗ സാധനങ്ങൾക്കടക്കം വിലക്കുറവിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വർഷങ്ങളായി ദോഹയിൽ ബിസിനസ് നടത്തുന്ന അലി ഇൻറർനാഷനൽ ട്രേഡിങ് ജനറൽ മാനേജർ കെ. മുഹമ്മദ് ഇൗസ പറയുന്നു. ഖത്തറിലേക്ക് ഒമാൻ വഴിയാണ് ഉപരോധകാലത്ത് ചരക്കുകൾ എത്തിച്ചിരുന്നത്. ഇത്​ കാർഗോ ചെലവടക്കം ഇരട്ടിയാക്കി.

ജനങ്ങളുടെ സഞ്ചാരം പഴയതുപോലെ ആകുന്നതോടെ ഹോട്ടൽ ടൂറിസം രംഗത്തും വൻകുതിപ്പുണ്ടാകും. പ്രധാന വിനോദസഞ്ചാര മേഖലയായി ഖത്തർ മാറുന്നതോടെ കൂടുതൽ താമസസൗകര്യങ്ങളും വേണ്ടിവരും. ഇതിനായി നിർമാണമേഖലയടക്കം കൂടുതൽ സജീവമാവും. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലക്ക് ഇന്ത്യക്കാരെ ഈ മേഖലകളിലൊക്കെ പുത്തൻ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

യാത്രാവിലക്ക് നീങ്ങിയതോടെ ഖത്തറിലെ വിനോദസഞ്ചാരമേഖലയിൽ പുത്തൻ ഉണർവ്​ പ്രകടമാണ്​. ഉപരോധകാലത്ത് മങ്ങിയിരുന്ന ഖത്തറിലെ ഹോട്ടൽ മേഖലക്ക് പുതുജീവൻ കൈവരാൻ തുടങ്ങിയിട്ടുണ്ട്​. നിരവധി മലയാളികൾ സജീവമായ മേഖലയാണ് ദോഹയിലെ റിയൽ എസ്​റ്റേറ്റ്. അയൽരാജ്യങ്ങളിൽനിന്ന് കരമാർഗവും മറ്റും അവധിദിനങ്ങളിലും അല്ലാതെയും ആളുകൾ എത്തുന്നതോടെ റിയൽ എസ്​റ്റേറ്റ്​ രംഗം കൂടുതൽ സജീവമാകും. മൊത്തത്തിൽ സാമ്പത്തികമേഖലയിലടക്കം ഉപരോധം തീർത്ത പ്രതിസന്ധികൾക്കുകൂടിയാണ് പരിഹാരമാകുന്നത്. നഷ്​ടപ്പെട്ട ബിസിനസുകൾ ആറുമാസത്തിനുള്ളിൽ തന്നെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ. ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ഏറെ ശ്രമം നടത്തിയ ഗൾഫ്​ രാഷ്​ട്രങ്ങളാണ്​ കുവൈത്തും ഒമാനും. ഉപരോധം അവസാനിക്കുന്നത്​ കൊണ്ട്​ പ്രത്യക്ഷത്തിൽ വാണിജ്യനേട്ടമൊന്നുമില്ലാതിരുന്നിട്ടും ​അവർ നടത്തിയ ​െഎക്യശ്രമങ്ങൾ പൊതു താൽപര്യം മുൻനിർത്തിയാണ്​. പൊതുവായ സാമ്പത്തിക ഉണർവി​െൻറ നേട്ടം അവർക്കും ലഭിക്കും. കോവിഡ്​ പ്രതിസന്ധിയുടെ തുടക്കത്തിൽ പിറന്നനാട് ആട്ടിയകറ്റിയപ്പോഴും സ്വന്തം ജനങ്ങളെപ്പോലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തെ പരിചരിച്ചവരാണ്​ ഗൾഫ്​ സമൂഹം. സ്​ഥാപനങ്ങൾ പ്രവർത്തനം നിലക്കുകയോ തൊഴിൽ സേനയെ വെട്ടിക്കുറക്കുകയോ ചെയ്​തതോടെ നാട്ടിലേക്ക്​ മടങ്ങിയ പലരും വൈകാതെ ഗൾഫിലേക്ക്​ തിരിച്ചു വിമാനം കയറി.

വിമാന സർവിസ്​ സാധാരണ ഗതിയിലാവുന്ന ദിവസവും കാത്തിരിക്കുന്നു ഇനിയുമൊരു പറ്റമാളുകൾ. കോവിഡ്​ മഹാമാരിയെ ഇച്​ഛാശക്​തിയോടെ നേരിട്ട ഗൾഫ്​ രാജ്യങ്ങൾ ഒരിക്കൽ കൂടി ആത്​മവിശ്വാസത്തി​ന്‍റെയും പുനരുജ്ജീവനത്തി​​െൻറയും പ്രതീകമായി. അതോടെ ആഗോള സംരംഭകർ മുതൽ ചെറുകിട വ്യവസായികൾ വരെ വീണ്ടും ഗൾഫിൽ നിക്ഷേപമിറക്കാൻ മുന്നോട്ടുവരികയാണ്​. അതിനൊപ്പം ഖത്തർ ഉപരോധം കൂടി അവസാനിച്ചത്​ വിപണിക്ക്​ ആത്​മവിശ്വാസം നൽകിയിട്ടുണ്ട്​.

എല്ലാ ജി.സി.സി രാജ്യങ്ങളിലെയും ഒാഹരി വിപണിയിലും അത്​ പ്രകടമാണ്​. മറ്റ് ഗൾഫ്​ രാജ്യങ്ങളിലും ശാഖകൾ ഉള്ളവരാണ് പ്രധാന കമ്പനികളും സ്ഥാപനങ്ങളുമെല്ലാം. മനുഷ്യസഞ്ചാരവും ചരക്കുഗതാഗതവും പഴയ നിലയിൽ ആകുന്നതോടെ കമ്പനികളിലും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കപ്പെടും. ഗൾഫ്​ മാധ്യമം ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിലും തൊഴിൽ വെബ്​സൈറ്റുകളിലും പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകളിൽ വലിയ വർധനവാണുള്ളത്​.

എണ്ണയിതര മേഖലയില്‍ നിക്ഷേപമുയർത്തുക വഴി സൗദിയിൽ18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കപ്പെടുമെന്ന കിരീടാവകാശിയും പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാര​ന്‍റെ പ്രഖ്യാപനവും കഴിവു തെളിയിച്ച പ്രവാസികൾക്ക്​ പൗരത്വം നൽകാനുള്ള യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ ​തീരുമാനവും ഏറെ സ്വാധീനിക്കുന്നത്​ മലയാളികളെത്തന്നെ.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate dream
News Summary - The commercial sector will wake up; Expatriate dreams will sprout
Next Story