Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂസുഫ്​ അലി ഇടപെട്ടു;...

യൂസുഫ്​ അലി ഇടപെട്ടു; ബാബുവിന്‍റെ മൃതദേഹം ഉടൻ നാട്ടിലെത്തും

text_fields
bookmark_border
Yusuf Ali
cancel
camera_alt

മരിച്ച ബാബു

Listen to this Article

ഖമീസ് മുശൈത്ത്: കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ലിഫ്​റ്റിന്‍റെ കുഴിയിൽ​ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവിന്‍റെ (41) മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.

വെള്ളിയാഴ്​ച തിരുവനന്തപുരത്ത്​ ലോക കേരളസഭ സമ്മേളനത്തിലെ ഓപൺ ഹൗസിൽ ബാബുവിന്‍റെ മകൻ എബിൻ പിതാവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ലുലു ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടറും നോർക വൈസ്​ ചെയർമാനുമായ എം.എ. യൂസുഫലിയോട്​ സഹായം തേടിയതും അദ്ദേഹം വിഷയത്തിലിടപെടാമെന്ന്​ ഉറപ്പുനൽകിയതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എബിന്‍റെ വേദനകലർന്ന അഭ്യർഥനയോട്​ സഹാനുഭൂതിയോടെ​ പ്രതികരിച്ച യൂസുഫലി ആ വേദിയിൽ വെച്ച്​ തന്നെ സൗദിയിലെ ലുലു ഗ്രൂപ്​ ഡയറക്​ടർ മുഹമ്മദ്​ ഷഹീമിനെ വിളിച്ച്​ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത്​ ചെയ്യാൻ നിർദേശിച്ചു.

മുഹമ്മദ്​ ഷഹീം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗവും ഒ.ഐ.സി.സി നേതാവും അബഹയിലെ ജീവകാരുണ്യ പ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചലിനെയും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ട്കാടിനെയും ബന്ധപ്പെട്ട്​ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരുവരുടെയും പേരിൽ കുടുംബത്തിന്‍റെ അനുമതി പത്രം നൽകി. അഷ്റഫ് കുറ്റിച്ചലും മാധ്യമപ്രവർത്തകൻ മുജീബ് എള്ളുവിളയും ബാബുവിന്റെ സ്പോൺസറുടെ നാടായ തരിബിൽ എത്തി അദ്ദേഹത്തെ കണ്ട്​ മൃതദേഹം നാട്ടിൽ അയക്കാൻ സഹായം ടേതി.

ബാബുവിന്‍റെ പാസ്പോർട്ടും മൃതദേഹം നാട്ടിൽ അയക്കുന്നതിന്​ തടസ്സങ്ങൾ ഒന്നുമില്ല എന്ന രേഖയും കൈമാറി. തുടർന്ന് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അഹദ് റുഫൈദ ജനറൽ ആശുപത്രിയിൽ എത്തി ഓ​ങ്കോളജി വിഭാഗം ഡയറക്​ടറിൽനിന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടും വാങ്ങി. ശനിയാഴ്ച സർക്കാർ ഓഫിസുകളും കോൺസുലേറ്റും അവധിയായതിനാൽ ബാക്കി രേഖകൾ ഞായറാഴ്ച ശരിയാക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ​

നടപടികൾ പൂർത്തിയാക്കാൻ ലുലു ഗ്രൂപ്പിന്‍റെ രണ്ട് പ്രതിനിധികളും അബഹയിൽ എത്തിയിട്ടുണ്ട്. ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ എത്തിയത്. ​തിരിച്ചെത്തിയ ശേഷം ജോലിയിൽ തുടർന്നെങ്കിലും മൂന്ന് വർഷം മുമ്പ് ബാബു തന്‍റെ കീഴിൽനിന്ന്​ ഒളിച്ചോടി എന്ന്​ സ്​പോൺസർ സൗദി പാസ്​പോർട്ട്​ ഡയറക്​ടറേറ്റിൽ (ജവാസത്ത്​) പരാതിപ്പെട്ട്​ 'ഹുറൂബ്​' എന്ന കേസിൽപ്പെടുത്തിയിരുന്നു. ഇതുമൂലമുള്ള നിയമകുരുക്കിലായിരുന്നു ബാബു.

അതിനിടയിലാണ്​ പണി നടക്കുന്ന കെട്ടിടത്തിനുള്ളിൽ ലിഫ്​റ്റ്​ സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് മരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കണം എന്ന ആവശ്യം നിരവധി ഖമീസ്​ മുശൈത്തിലെ പ്രവാസിസംഘടനകളുടെയും ജീവകാരുണ്യപ്രവർത്തകളുടെയും ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും നാട്ടിൽ അയക്കുന്നതിന് വേണ്ടിവരുന്ന ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രയാസവും സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകാത്തതും 'ഹുറൂബ്​' നിയമകുരുക്കുമാണ്​ താമസം നേരിടാൻ ഇടയാക്കിയത്​.

ഒടുവിൽ ലോക കേരളസഭയിലെ ഓപൺ ഹൗസ്​ വഴി എം.എ. യൂസുഫലി ഇടപെട്ടതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. ദിവസങ്ങൾക്കുള്ളിൽ മൃതദേഹം നാട്ടിലെത്തും. ബാബുവിന് എബിനെകൂടാതെ വിപിൻ എന്ന മകനുമുണ്ട്​. ഉഷയാണ്​ ഭാര്യ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yusuf AliSaudi Arabia
News Summary - Yusuf Ali intervened; Babu's body will return home
Next Story