‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’; മൂന്നാമത് റെഡ്സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ പ്രൗഢഗംഭീര തുടക്കം
text_fieldsഅമേരിക്കൻ നടന്മാരായ ജോണി ഡെപ്, വിൽ സ്മിത്ത്
എന്നിവർ റെഡ്സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ
ജിദ്ദ: ‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’ എന്ന ആശയത്തിലൂന്നി ജിദ്ദയിൽ നടക്കുന്ന മൂന്നാമത് റെഡ്സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് പ്രൗഢഗംഭീര തുടക്കം. വ്യാഴാഴ്ച വൈകീട്ട് 7.30ന് ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ജിദ്ദ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ഉദ്ഘാടന പരിപാടിയിലെ വിവിധ സെഷനുകളിൽ അറബ്, ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ പങ്കെടുത്തു.
അമേരിക്കൻ അഭിനേതാക്കളായ ജോണി ഡെപ്പ്, വിൽ സ്മിത്ത്, ഷാരോൺ സ്റ്റോൺ, അമേരിക്കൻ റാപ്പർ കാനി വെസ്റ്റ്, ലെബനീസ് ഗായികയായ ദിയാബ്, ഈജിപ്ഷ്യൻ നടി യാസ്മിൻ സാബ്രി, ഇന്ത്യൻ താരങ്ങളായ റൺവീർ സിങ്, കത്രീന കൈഫ്, അമേരിക്കൻ നടി മിഷേൽ വില്യംസ് തുടങ്ങി നിരവധി അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ രംഗപ്രവേശം ഫെസ്റ്റിവലിൽ പങ്കെടുത്തവരെ ആവേശത്തിമിർപ്പിലാഴ്ത്തി.
രൺവീർ സിങ് സംസാരിക്കുന്നു. അമേരിക്കൻ നടി ഷാരോൺ സ്റ്റോൺ, ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി എന്നിവർ സമീപം
ബ്രിട്ടീഷ് നടി ആമി ജാക്സൺ, സ്പാനിഷ് നടി പാസ് വേഗ, ഫ്രഞ്ച് നടൻ ലൂക്കാസ് ബ്രാവോ, ലെബനീസ് നടി നദീൻ നാസിബ് എൻജെയിം, ബ്രസീലിയൻ, അമേരിക്കൻ മോഡൽ അലസാന്ദ്ര അംബ്രോസിയോ എന്നിവരും പ്രത്യേകമായി ഒരുക്കിയ നക്ഷത്രങ്ങൾ പതിച്ച ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ടു.
ഇറാഖി സംവിധായകൻ യാസിർ അൽ യസീരി ഈ വർഷം ഇറക്കിയ, ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ജിന്നിന്റെ കഥ പറയുന്ന ‘എച്ച്.ഡബ്ല്യു.ജെ.എൻ’ എന്ന സൗദി ഫാൻറസി റൊമാൻസ് സിനിമയായിരുന്നു നൈറ്റ് ഗാലയിൽ ഓപണിങ് ചിത്രം.
സ്ക്രീനുകളിലും പുറത്തും ഫെസ്റ്റിവലിന്റെ വൈവിധ്യം, ബന്ധം, സാംസ്കാരിക വിനിമയം എന്നിവ ഉൾക്കൊള്ളുന്ന ‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’ എന്ന ആശയത്തെ അക്ഷരാർഥത്തിൽ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉദ്ഘാടനത്തിനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ.
സിനിമയുടെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിനും ജനഹൃദയങ്ങളിൽ അനശ്വരമാക്കുന്നതിനും സിനിമയിലെ സർഗാത്മകതക്ക് ഏറെ സംഭാവനകൾ അർപ്പിച്ചവരുമായ പ്രമുഖ സിനിമാ താരങ്ങളെയും പ്രധാനപ്പെട്ട ഐക്കണുകളെയും ആദരിക്കുന്നതിനായി റെഡ്സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഏർപ്പെടുത്തിയ ഗോൾഡ് യുസ്ർ ഓണററി അവാർഡ് ഇത്തവണ ബോളിവുഡ് നടൻ റൺവീർ സിങ് കരസ്ഥമാക്കി.
കത്രീന കൈഫ് ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുന്നു
തന്റെ കരിയറിന്റെ തുടക്കം മുതൽ താൻ കാണാൻ ആഗ്രഹിച്ചിരുന്ന നടനായ ജോണി ഡെപ്പിന്റെ സാന്നിധ്യത്തിൽ അമേരിക്കൻ നടി ഷാരോൺ സ്റ്റോണിൽ നിന്നും അവാർഡ് സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് റൺവീർ സിങ് പറഞ്ഞു. ഷാരൂഖ് ഖാനും ജാക്കി ചാനും ഉൾപ്പെടെയുള്ള നിരവധി താരങ്ങൾക്ക് ആദരവായി ലഭിച്ച ഗോൾഡ് യുസ്ർ ഓണററി അവാർഡ് ജേതാക്കളുടെ ലിസ്റ്റിൽ തന്റെ പേരും ഇടംപിടിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ‘വിമൻ ഇൻ സിനിമ’ എന്ന സെഷനിൽ ബോളിവുഡ് താരം കത്രീന കൈഫും പങ്കെടുക്കുകയും സദസ്സുമായി സംവദിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ നിന്നുള്ള 36 ഫീച്ചർ, ഷോർട്ട് സിനിമകൾ ഉൾപ്പെടെ 77 രാജ്യങ്ങളിൽ നിന്നുള്ള 130 ഓളം സിനിമകളാണ് മൂന്നാമത് റെഡ്സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. റിറ്റ്സ് കാൾട്ടൺ ഹോട്ടലിലും റെഡ്സീ മാളിലുമായി നടക്കുന്ന ഫെസ്റ്റിവൽ ഈ മാസം ഒമ്പതുവരെ നീണ്ടുനിൽക്കും.

