നർമത്തിന്റെ കെട്ടഴിക്കാൻ യുവതാരം; സിദ്ധീഖ് റോഷൻ ദമ്മാമിലെത്തുന്നു
text_fieldsസിദ്ധീഖ് റോഷൻ
ദമ്മാം: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ സീസൺ രണ്ട് സംഗീത വിരുന്നിന് മാറ്റ് കൂട്ടാൻ യുവ മിമിക്രി ആർട്ടിസ്റ്റ് സിദ്ധീഖ് റോഷനും എത്തുന്നു. ദമ്മാം അൽഖോബാർ ഹൈവേയിലെ ഗ്രീൻ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 26നാണ് ഒരുമയുടെ മഹോത്സവം അരങ്ങേറുന്നത്. കേരളത്തിലെ യുവ മിമിക്രി കലാകാരന്മാരിൽ ശ്രദ്ധേയനായ സിദ്ധീഖ് റോഷൻ ഇന്ന് വേദികളിലും സോഷ്യൽ മീഡിയയിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന കലാപ്രതിഭയാണ്. വെറും 10 മിനിറ്റിനുള്ളിൽ 40ഓളം പ്രമുഖ ഇന്ത്യൻ സിനിമാ താരങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ച് പ്രേക്ഷകരുടെ മനം കവർന്ന സിദ്ധീഖിന് സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സുണ്ട്.
ഏറണാകുളം ജില്ലക്കാരനായ ഈ യുവപ്രതിഭ മഹാരാജാസ് കോളജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സമകാലിക സിനിമ താരങ്ങളുടെയും പൊതുപ്രശസ്തരുടെയും ശബ്ദങ്ങൾ അവതരിപ്പിക്കുന്നതിലൂടെ യുവതലമുറയിൽ ഇതിനകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട് സിദ്ധീഖ്. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ മിമിക്രിയെന്ന കലയെ പുതിയ പ്രേക്ഷക സമൂഹത്തിലേക്ക് എത്തിച്ച യുവ കലാകാരന്മാരിൽ മുൻനിരയിലാണ് സിദ്ധീക്കിന്റെ സ്ഥാനം. കലാപ്രതിഭ ചെറുപ്പത്തിലേ തെളിയിച്ച സിദ്ദീഖ് റോഷൻ, സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകത്തിലും മിമിക്രിയിലും കഴിവ് തെളിയിച്ചിരുന്നു. സ്കൂൾ കലോത്സവത്തിൽ മൂന്നു തവണ ഒന്നാം സ്ഥാനം നേടിയിട്ടുള്ള അദ്ദേഹം, 2017ൽ എം.ജി. യൂനിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ പ്രശസ്ത താരങ്ങളുടെ ശബ്ദങ്ങൾ അതിവിദഗ്ധമായി അവതരിപ്പിക്കുന്നതാണ് സിദ്ധീഖിന്റെ പ്രത്യേകത.
സോഷ്യൽ മീഡിയയിൽ വൈറലായ നിരവധി മിമിക്രി വിഡിയോകൾ സിദ്ദീഖ് റോഷന്റെ പേരിൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘തുടരും’ സിനിമയിലെ വില്ലൻ ജോർജിന്റെ ശബ്ദം ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. സുരേഷ് ഗോപി യോഗ ചെയ്യുന്ന ശബ്ദം അനുകരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സ്റ്റേജ് പരിപാടികളിലും അന്താരാഷ്ട്ര വേദികളിലും സജീവമായ സിദ്ദീഖ് റോഷൻ, ദുബൈ, ഖത്തർ, ബഹ്റൈൻ, ഒമാൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്ന അദ്ദേഹം, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ശബ്ദ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. അമിതാബ് ബച്ചൻ അഭിനയിച്ച ‘ഗണപത്’ എന്ന ഹിന്ദി സിനിമയുടെ മലയാളം ഡബ്ബിങ് നിർവഹിച്ചതും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
മുമ്പ് മിമിക്രി കലാകാരന്മാരുടെ കഴിവുകൾ ജനങ്ങളിലേക്ക് എത്തിക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും സോഷ്യൽ മീഡിയ കാരണം ഇന്ന് അത് എളുപ്പമായെന്നും സിദ്ധീഖ് പറയുന്നു. എന്നാൽ എല്ലാവരുടെയും ശബ്ദം എല്ലാവർക്കും പരിചിതമായ കാലമായതിനാൽ, ശബ്ദം അനുകരിക്കൽ ഇപ്പോൾ ഏറെ ചലഞ്ചുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എ.പി. അഷ്റഫ്-കെ.എസ്. റഷീദ ദമ്പതികളുടെ മകനാണ് സിദ്ധീഖ്.
ക്രിസ്മസ് അവധിക്കാലത്ത് ദമ്മാമിൽ മഴയും തണുപ്പും പ്രശ്നമാവാത്ത മനോഹരമായ ഇൻഡോർ സ്റ്റേഡിയത്തിൽ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീത വിരുന്നിനൊപ്പം സിദ്ധീഖ് റോഷൻ പകരുന്ന ചിരിവിഭവങ്ങൾ കൂടിയുണ്ടാവും. അഭിനേതാക്കളായ പാർവതി തിരുവോത്ത്, അർജുൻ അശോകൻ, ഗായകരായ നിത്യ മാമ്മൻ, മിഥുൻ രമേശ്, ശിഖ പ്രഭാകരൻ, ലിബിൻ സ്കറിയ, ഗോകുൽ ഗോപകുമാർ, നർത്തകൻ റംസാൻ മുഹമ്മദ് തുടങ്ങിയരും വേദിയിൽ അണി നിരക്കുന്ന വലിയൊരു കലാസന്ധ്യക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായി ഡിസംബർ 26നായി കാത്തിരിക്കുകയാണ് ദമ്മാമിലെ കലാസ്നേഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

