തീർഥാടന പുണ്യം തേടി സൈക്കിളിൽ കാതങ്ങൾ താണ്ടി യുവാവ്
text_fieldsഹജ്ജിനായി സൈക്കിളിൽ സൗദിയിലെത്തിയ ബെൽജിയൻ യുവാവ് അനസ് അൽറിസ്ഖി
റിയാദ്: ഹജ്ജ് നിർവഹിക്കാൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ച് സൗദി അതിർത്തിലെത്തിയ ബെൽജിയൻ യുവാവിന് ഹൃദ്യമായ സ്വീകരണം. അനസ് അൽരിസ്ഖി എന്ന 26 വയസുകാരനാണ് സൈക്കിളിൽ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന അസാധാരണമായ യാത്രക്കൊടുവിൽ സൗദിയിൽ പ്രവേശിച്ചത്. വടക്കൻ സൗദിയിലെ ജോർദ്ദാനോട് ചേർന്നുള്ള ഹാലത്ത് അമ്മാർ അതിർത്തി കവാടത്തിലൂടെയാണ് യുവാവ് തീർഥാടന പാതയിലേക്ക് കടന്നത്.
സൈക്കിളിൽ ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുക അനസിന്റെ വളരെക്കാലത്തെ അഭിലാഷമായിരുന്നു. ഒമ്പത് യൂറോപ്യൻ, അറബ് രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററാണ് അയാൾ സൈക്കിൾ ചവിട്ടിയത്. മൂന്ന് മാസം മുമ്പാണ് ബെൽജിയത്തിൽനിന്ന് അനസ് പുറപ്പെട്ടത്. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു.
അനസ് അൽറിസ്ഖിക്ക് അതിർത്തിയിൽ സ്വീകരണം നൽകിയപ്പോൾ
ബെൽജിയത്തിൽനിന്ന് ജർമനി, ഓസ്ട്രിയ, ഇറ്റലി, ബോസ്നിയ, ഹെർസഗോവിന, ഇതര രാജ്യങ്ങൾ എന്നിവയിലൂടെ തുർക്കിയിലെത്തി. പിന്നീട് ബോസ്ഫറസ് കടലിടുക്ക് കടന്ന് ജോർഡനിലെത്തി. ഓരോ സ്റ്റോപ്പിലും ദയയുള്ള മുഖങ്ങളും തുറന്ന ഹൃദയങ്ങളുമാണ് തന്നെ സ്വീകരിച്ചതെന്ന് അനസ് പറയുന്നു. കാലാവസ്ഥയുടെ മാറ്റങ്ങൾ മുതൽ ഇടക്കിടെ അനുഭവപ്പെടുന്ന ഏകാന്തത വരെ എണ്ണമറ്റ വെല്ലുവിളികൾ താൻ നേരിട്ടതായും എപ്പോഴും തനിക്ക് ശക്തി നൽകിയത് വഴിയിൽ കണ്ടുമുട്ടിയവരുടെ ആത്മാർഥമായ പ്രാർഥനകളും ഊഷ്മളമായ പുഞ്ചിരികളുമാണെന്നും അനസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

