സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനവുമായി യുവസംരംഭകർ
text_fieldsലെനോവിസ് സ്ഥാപന സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനം കുറഞ്ഞ ചെലവിൽ പതിന്മടങ്ങ് കാര്യക്ഷമമാക്കാനും ആധുനികവത്ക്കരിക്കാനും കഴിയുന്ന സോഫ്റ്റ്വെയർ സേവനവുമായി മലയാളി യുവസംരംഭകർ. ജിദ്ദയിൽ പ്രവർത്തിക്കുന്ന ലെനോവിസ് എന്ന സ്ഥാപനമാണ് ചെറുകിട സ്ഥാപനങ്ങൾക്കുപോലും താങ്ങാവുന്ന ചെലവിൽ അത്യാധുനിക സുരക്ഷാ സോഫ്റ്റ്വെയർ ഉറപ്പുനൽകുന്നതെന്ന് സ്ഥാപന സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദിയിൽ ഇത്ര കുറഞ്ഞ നിരക്കിൽ മികച്ച സുരക്ഷാ സംവിധാനം ഒരുക്കുന്നത് തങ്ങളായിരിക്കുമെന്ന് അവർ അറിയിച്ചു.
ലെനോവിസ് എ.ഐയുടെ സൗദിയിലെ ആദ്യ ഓഫിസ് ജിദ്ദ ശറഫിയയിൽ പ്രവർത്തനമാരംഭിച്ചു. എ.ഐ ഉപയോഗിച്ചുള്ള അതിസുരക്ഷാ സംവിധാനങ്ങളിലേക്ക് മാറുന്നതിനായി സ്ഥാപനങ്ങൾ നിലവിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകളൊന്നും മാറ്റേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
പകരം അതേ കാമറകളിലെ ദൃശ്യങ്ങൾ പ്രത്യേക സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന കൺട്രോൾ യൂനിറ്റിൽ എത്തുകയും കൺട്രോൾ യൂനിറ്റ് എ.ഐ സഹായത്തോടെ ദൃശ്യങ്ങൾ വിശകലനം ചെയ്ത് സ്ഥാപന ഉടമക്കോ സുരക്ഷാജീവനക്കാർക്കോ വേണ്ട അലേർട്ടുകൾ നൽകുകയും ചെയ്യും. തങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ചാൽ അപകട സാധ്യത മുൻകൂട്ടി കണ്ട് തടയാൻ കഴിയുമെന്നതാണ് ബിസിനസുകൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ന് ഇവർ പറഞ്ഞു.
എ.ഐ ഉപയോഗിച്ച് ദൃശ്യങ്ങളുടെ വിശകലനവും വേഗം പൂർത്തിയാക്കാം. ജീവനക്കാർക്ക് മാത്രം പ്രവേശനാനുമതിയുള്ള നിയന്ത്രിത സ്ഥലങ്ങളിൽ (റെസ്ട്രിക്ടഡ് ഏരിയ) മറ്റാരെങ്കിലും കടന്നാലുടൻ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് മെസേജ് ലഭിക്കും.
സ്ഥാപന ജീവനക്കാരുടെയും സന്ദർശകരുടെയും ചലനങ്ങൾ വെവ്വേറെ നിരീക്ഷിക്കും. ജീവനക്കാർ ഹാജരിനായി പഞ്ചിങ് മെഷിനിൽ വിരലമർത്തേണ്ടതില്ല. പ്രധാനകവാടത്തിൽ കാമറക്ക് മുന്നിലൂടെ ഓരോ ജീവനക്കാരനും കടന്നുപോകുമ്പോൾ തന്നെ അറ്റൻഡൻസ് രേഖപ്പെടുത്തപ്പെടും. ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തും സേവനം നൽകുമെന്ന് അവർ പറഞ്ഞു. ഒമ്പതു വർഷമായി കേരളം ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ലെനോവിസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീൽ പോലുള്ള സ്ഥാപനങ്ങൾ തങ്ങളുടെ സുരക്ഷാ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങളിലും തങ്ങളുടെ ഓഫിസുകൾ ഉടൻ ആരംഭിക്കുമെന്ന് സ്ഥാപന സാരഥികൾ അറിയിച്ചു.
റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കൈകാര്യം ചെയ്യുന്ന നൗഫൽ ഷാജഹാൻ ആലപ്പുഴ, മാർക്കറ്റിംങ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്നുള്ള ഷബീബ് റഹ്മാൻ അരീക്കോട്, ഡയറക്ടർമാരായ ശൈഖ് ഫിർദൗസ്, അബ്ദുല്ലത്തീഫ്, ഷാഹിൻ ഷാജഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

