അവധിക്കുപോയ പ്രവാസി മൂന്നാറിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsറിയാദ്: അവധിക്ക് റിയാദിൽനിന്ന് നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദ് ബദീഅയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് വിനോദയാത്രക്ക് മൂന്നാറിലെത്തിയപ്പോൾ മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദിൽ മുസാഹ്മിയ, സുലൈ, ബദീഅ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരംഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് അവധിക്കുപോയത്. നാട്ടിലും റിയാദിലും സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ സജ്ജാദ് റിയാദ് നവോദയ കലാസാംസ്കാരിക വേദി മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.
ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി. മക്കൾ: വിദ്യാർഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ദീഖ്, സലീന, ബുഷ്റ.

