ഭൂമിക്ക് യോഗ, ആരോഗ്യത്തിനും; ഇന്ത്യൻ എംബസി 11ാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
text_fieldsറിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി, ഇന്ത്യൻ യോഗ പരിശീലകരും
റിയാദ്: 11ാമത് അന്താരാഷ്ട്ര യോഗദിനം റിയാദിലെ ഇന്ത്യൻ എംബസി ആചരിച്ചു. സൗദി യോഗ കമ്മിറ്റിയും പ്രാദേശിക പങ്കാളികളുമായും സഹകരിച്ച് മലസിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള 500ലധികം യോഗ പ്രേമികളും പരിശീലകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗദിനം എല്ലാ വർഷവും ജൂൺ 21ന് ആഗോളതലത്തിൽ ആഘോഷിക്കുന്നു. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സമന്വയിപ്പിക്കുന്ന ഒരു പരിശീലനമായ യോഗയുടെ കാലാതീതമായ പ്രസക്തിയും നേട്ടങ്ങളും അടിവരയിടുന്നതാണ് ഈ ആഘോഷം. ‘ഭൂമിക്ക് വേണ്ടി യോഗ, ആരോഗ്യത്തിനും’ എന്നതാണ് ഈ വർഷത്തെ ആഘോഷ തീം. സുസ്ഥിരത, സമാധാനം, സമഗ്ര ആരോഗ്യം എന്നിവയുടെ മൂല്യങ്ങളുമായി യോജിപ്പിച്ച്, വ്യക്തിഗത ക്ഷേമവും ആഗോള ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ ഊന്നിപ്പറയുന്നതാണ് ഈ തീം.
യോഗാഭ്യാസ പരിപാടിയിൽ അംബാസിഡർ സംസാരിക്കുന്നു
സൗദി അധികാരികൾ, യോഗ പരിശീലകർ, തദ്ദേശീയ സമൂഹത്തിൽനിന്നുള്ളവർ എന്നിവർ യോഗദിനാചരണത്തിലും അഭ്യസിക്കുന്നതിലും വഹിക്കുന്ന അസാധാരണമായ പങ്കാളിത്തത്തിനും ഊഷ്മളമായ പിന്തുണക്കും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സ്വാഗത പ്രസംഗത്തിൽ നന്ദി അറിയിച്ചു. യോഗയുടെ സാർവത്രിക ആകർഷണത്തെയും ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിൽ അതിന്റെ പരിവർത്തനാത്മക സ്വാധീനത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗ വെറും ഒരു വ്യായാമ രൂപമല്ല. സംസ്കാരങ്ങൾക്കും നാഗരികതകൾക്കും ഇടയിലുള്ള പാലമാണ്. അത് അതിരുകൾ മറികടക്കുകയും ആരോഗ്യകരവും കൂടുതൽ യോജിപ്പുള്ളതുമായ ജീവിതശൈലിക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ വ്യക്തികളെ ഒന്നിപ്പിക്കുന്നു. യോഗാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി അറേബ്യ നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം അഗാധമാക്കുന്നതിനുള്ള തെളിവായി സൗദി യോഗ കമ്മിറ്റിയുമായുള്ള സഹകരണത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
സൗദിയിലുടനീളം യോഗയുടെ ജനപ്രീതി ക്രമേണ വർധിക്കുകയാണെന്നും യോഗ സംബന്ധിച്ച് അവബോധം ജനങ്ങൾക്കിടയിൽ അവബോധവും സാംസ്കാരിക ഇടപെടലും വളർത്തുന്നതിലും ഇന്ത്യൻ എംബസി നടത്തുന്ന നിരന്തര ശ്രമങ്ങളെ ഏഷ്യൻ യോഗസാൻ സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറും സൗദി പൗരയുമായ നൗഫ് അൽ മർവായ് പ്രശംസിച്ചു. സൗദി യോഗ കമ്മിറ്റി സി.ഇ.ഒ അഹമ്മദ് അൽസാദി പരിപാടിയെ അഭിസംബോധന ചെയ്തു. ദൈനംദിന ജീവിത ചര്യയിൽ യോഗയെ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സൗദി കായിക മന്ത്രാലയം ഡയറക്ടർ ഷഹദ് അൽ മുഫ്തിയും പരിപാടിയിൽ പങ്കെടുത്തു. വനിത യോഗ പരിശീലകരായ നെർവിൻ ആശ്രമവും സീമ ഘാനവും നയിച്ച കോമൺ യോഗ പ്രോട്ടോക്കോൾ സെഷൻ ഈ പരിപാടിയിൽ
പങ്കെടുത്തവർക്ക് അടിസ്ഥാന യോഗ ആസനങ്ങളും ശ്വസന സാങ്കേതിക വിദ്യകളും പകർന്നുനൽകി. മെയ് 17ന് എംബസിയിൽ നടന്ന ഒരു പരിപാടിയോടെയാണ് ഈ വർഷത്തെ യോഗ ദിനാചരണ ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ഈ മാസം ആദ്യം റിയാദിലെ പ്രകൃതി പ്രതിഭാസമായ എഡ്ജ് ഓഫ് ദ വേൾഡിൽ ‘ഭൂമിക്ക് യോഗ, ആരോഗ്യത്തിനും’ എന്ന വിഷയത്തിൽ യോഗാഭ്യാസ പ്രകടനവും അരങ്ങേറി. ഈ മാസം 14 മുതൽ 20 വരെ റിയാദ്, ജിദ്ദ, ത്വാഇഫ്, ജുബൈൽ, ഖഫ്ജി, തബൂക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ വിദ്യാർഥികൾക്കായും യോഗ പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

