സൗദി അംബാസഡറുമായി യമൻ എസ്.ടി.സി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി
text_fieldsയമൻ സതേൺ ട്രാൻസിഷനൽ കൗൺസിൽ പ്രതിനിധി സംഘവും സൗദി അംബാസഡർ
മുഹമ്മദ് അൽ ജാബറും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: യമനിലെ സതേൺ ട്രാൻസിഷനൽ കൗൺസിലിൽനിന്നുള്ള പ്രതിനിധി സംഘവുമായി യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ റിയാദിൽ കൂടിക്കാഴ്ച നടത്തി. ഐദറൂസ് അൽസുബൈദിയുടെ നിർദേശപ്രകാരം കൗൺസിൽ സ്വീകരിച്ച സമീപകാല നടപടികൾ അവർ ചർച്ച ചെയ്തു. തെക്കൻ പ്രശ്നത്തിന് സഹായകമാകുന്ന രീതിയിൽ സമീപകാല സംഭവങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി അൽ ജാബർ വിശദീകരിച്ചു.
യമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് നടത്തുന്ന സഖ്യത്തിന്റെ ശ്രമങ്ങളെക്കുറിച്ചും റിയാദിൽ ഉടൻ നടക്കാനിരിക്കുന്ന തെക്കൻ വിഷയ സമ്മേളനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായും അൽജാബർ പറഞ്ഞു. സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറുമായി റിയാദിൽ നടത്തിയ ചർച്ച ‘ഫലപ്രദം’ എന്ന് പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിനെ പിന്തുണയ്ക്കുന്ന കൺസൾട്ടേഷൻ ആൻഡ് റീകൺസിലിയേഷൻ കമ്മിറ്റി തലവനും എസ്.ടി.സി പ്രസിഡൻസി അംഗവുമായ മുഹമ്മദ് അൽഗൈതി വിശേഷിപ്പിച്ചു.
ഐക്യത്തിന് ഹാനികരമായ എന്തും തള്ളിക്കളയുന്നതിനെയും തെക്കൻ പ്രശ്നത്തിന് സഹായകമായ എന്തിനും പിന്തുണ നൽകുന്നതിനെയും അദ്ദേഹം ഊന്നിപ്പറഞ്ഞു. തെക്കൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള തെക്കൻ സംഭാഷണ സമ്മേളനം ആതിഥേയത്വം വഹിക്കുന്നതിനും സ്പോൺസർ ചെയ്യുന്നതിനും സൗദിയുടെ ശ്രമങ്ങളെ അൽഗൈതി പ്രശംസിച്ചു.
റിയാദിലെ സഹോദരങ്ങളിൽനിന്ന് തെക്കൻ ജനതയുടെ കാര്യത്തിലും സുരക്ഷിതവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കുന്നതിലും വ്യക്തമായ പ്രതിബദ്ധതകൾ താൻ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൗദി നേതൃത്വത്തോടുള്ള തെൻറ പൂർണ പിന്തുണയും വിശ്വാസവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

