യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsയാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ സംഗമം നാസർ നടുവിൽ ഉദ്ഘാടനം ചെയ്യുന്നു
യാംബു: നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാൻ മതേതര വിശ്വാസികളായ എല്ലാവരുടെയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ഡിസംബർ 29,30,31 2023 ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സൗഹൃദ സംഗമം ഒരുക്കിയത്.
'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാസർ നടുവിൽ ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡൻറ് ഷമീർ സുലൈമാൻ മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു. വിവിധ സാംസ്കാരിക, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് അസ്ക്കർ വണ്ടൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, സിബിൾ ഡേവിഡ്, അബ്ദുൽ കരീം പുഴക്കാട്ടിരി, മാമുക്കോയ ഒറ്റപ്പാലം, സിദ്ദീഖുൽ അക്ബർ, അബ്ദുന്നാസർ കൽപകഞ്ചേരി എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ് സുഹ്രി സമാപന പ്രസംഗം നടത്തി.
നാട്ടിൽ വർഗീയത പടർന്നാൽ രാജ്യം നേടിയെടുത്ത എല്ലാ നന്മകളും വൈവിധ്യമാർന്ന സാംസ്കാരിക മൂല്യങ്ങളും തകർന്നു പോകുമെന്നും നാടിന്റെ സൗഹൃദം തകർക്കുന്ന രൂപത്തിലുള്ള ഇടപെടലുകൾ ഉണ്ടാവാതിരിക്കാൻ എല്ലാവരും ഏറെ ജാഗ്രത പാലിക്കണമെന്നും സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന സംസ്കാരം ഇന്ത്യയുടെ പ്രത്യേകതയാണെന്നും മത,ജാതി ചിന്തകൾക്കതീതമായി മാനവിക സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാവരിൽ നിന്നും ഉണ്ടാവണമെന്നും സൗഹൃദ സംഗമം ആവശ്യപ്പെട്ടു. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅവ കൺവീനർ നിയാസ് പുത്തൂർ സ്വാഗതവും പി.എൻ. അർഷദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

