Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പു റോയൽ കമീഷനിൽ...

യാമ്പു റോയൽ കമീഷനിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഉദ്യാനങ്ങൾ

text_fields
bookmark_border
യാമ്പു റോയൽ കമീഷനിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഉദ്യാനങ്ങൾ
cancel

യാമ്പു: സൗദിയിലെ സ്വയം ഭരണാധികാരമുള്ള റോയൽ കമീഷൻ നഗരങ്ങളിലൊന്നായ യാമ്പു വ്യവസായ നഗരിയിൽ സഞ്ചാരികൾക്ക്​ ആസ്വദിക്കാനും ഉല്ലസിക്കുവാനും ഒരുക്കിയ ഉദ്യാനങ്ങളും സൗകര്യങ്ങളും ശ്രദ്ധേയമാണ്. അന്താരാഷ്​ട്ര തലത്തിൽ അറിയപ്പെടുന്ന വൻകിട പെട്രോളിയം കമ്പനികൾ ഉൾപ്പെടെ മുന്നൂറോളം ഫാക്​ടറികളാണ് യാമ്പു റോയൽ കമീഷൻ വ്യവസായ നഗരിയിലുള്ളത്. ഇതിലെ തൊഴിലാളികൾക്കാവശ്യമായ താമസ സൗകര്യങ്ങളും, വാണിജ്യസ്ഥാപനങ്ങളും, വിവിധ കമ്പനികളുടെ കോർപറേറ്റ് ഓഫീസുകളും, ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വ്യത്യസ്ത മേഖലകളെ ബന്ധിപ്പിക്കുന്ന ബൃഹത് സംവിധാനമാണ് റോയൽ കമീഷൻ. അതോടൊപ്പം ജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമാവശ്യമായ ബഹു മുഖ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.

കമീഷൻ പരിധിയിലെ താമസക്കാരെ പരിഗണിച്ചും പുറത്ത് നിന്ന് നഗരി സന്ദർശിക്കാൻ എത്തുന്നവരെ കൂടി ഉൾകൊള്ളാൻ കഴിയുന്നതുമായ ചെറുതും വലുതുമായ ഉദ്യാനങ്ങളും കുട്ടികളുടെ പാർക്കുകളും കൃതിമ തടാകങ്ങളും, മനുഷ്യ നിർമിത ദ്വീപുകളും ഇവിടെ വർണാഭമായ കാഴ്‌ചയൊരുക്കുന്നു. നാട്ടിലെ കായലോരങ്ങളെ ഓർമിപ്പിച്ച്​ നിരന്ന് നിൽക്കുന്ന തെങ്ങുകളും, വിവിധ തരം പനകളും, അലങ്കാര ചെടികളുമായി തെരുവോരങ്ങൾ നിത്യഹരിതമാണ്. രാജ്യത്തെ ഏറ്റവും മികച്ചതും വിശാലതയിൽ മുമ്പിൽ നിൽക്കുന്നതുമായ മനുഷ്യനിർമിത ‘വാട്ടർ ഫ്രണ്ട്’ പാർക്ക് യാമ്പു റോയൽ കമീഷനിലെ വേറിട്ട കാഴ്ചയാണ്. പാർക്കി​​​െൻറ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത് ചൈനയിലെ വിദഗ്‌ധ തൊഴിലാളികളായിരുന്നതിനാൽ പ്രവാസികളായ സന്ദർശകർ ഈ പാർക്കിന് ‘ചൈനാ പാർക്ക്’ എന്നാണ് പേരിട്ടത്​. ചെങ്കടൽ ഓരം ചേർന്നുള്ള പാർക്കി​​​െൻറ ചില ഭാഗങ്ങളിൽ കടലിൽ നീന്താൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്രമ കൂടാരങ്ങൾ, കളിസ്ഥലങ്ങൾ, കുട്ടികൾക്ക്​ ഉല്ലാസത്തിന്​ സജ്ജീകരണങ്ങൾ , വിശാലമായ വാഹന പാർക്കിങ് സൗകര്യം തുടങ്ങി സന്ദർശകർക്കായി എല്ലാം ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കിലോ മീറ്ററുകൾ നീളുന്നതാണ്​ ഇതി​​​െൻറ വലിപ്പം.

യാമ്പു ലെയ്ക്
വിനോദ സഞ്ചാരികളുടെ പ്രകൃതി രമണീയമായ പറുദീസയായി മാറിയ ഇടമാണിത്. 2 ,982 ചതുരശ്ര മീറ്ററിലേറെ വിസ്‌തീർണമുള്ള ഈ കൃത്രിമ തടാകത്തിന് 4,175 ഘനമീറ്റർ ജലം സംഭരണശേഷിയുണ്ട്. 21,276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പുൽമേടുകളിലാണ് യാമ്പു റോയൽ കമീഷൻ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. പ്രകൃതി രമണീയമായ ഈ തടാകം കേവലം ഉല്ലാസ കേന്ദ്രം മാത്രമല്ല. തടാകത്തിലുള്ള മത്സ്യങ്ങളടക്കമുള്ള ജീവികളെ സ്വതന്ത്രമായി ഇവിടെ വളരാൻ അനുവദിക്കുന്നു. പരിസ്ഥിതിയുടെ നന്മക്കു വേണ്ടി തടാകത്തിലെ മത്സ്യങ്ങളെ പിടിക്കരുതെന്നും അവയെ ഉപദ്രവിക്കാതെ പരിസ്ഥിതി- ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന് വിവിധ ഭാഷകളിൽ മുന്നറിയിപ്പ് പലകയും തടാകത്തിന്നരികെ സ്ഥാപിച്ചിട്ടുണ്ട്. ഒരു ചെറിയ ആവാസവ്യവസ്ഥയുടെ പ്രകൃതി ദത്തമായ നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. തടാകത്തിനകത്തെ ജലധാരയും കുറ്റിച്ചെടികൾ ഡിസൈൻ ചെയ്ത തടാകത്തിനു മീതെയുള്ള മേൽപ്പാലവും ഉല്ലാസദായകമാണ്. സഞ്ചാരികൾക്ക് വിശ്രമിക്കാനും ഒന്നിച്ചിരുന്ന് ഉല്ലസിക്കാനും കുട്ടികൾക്ക് വിനോദങ്ങളിൽ മുഴുകാനും ഇവിടെ വിശാലമായ സംവിധാനങ്ങളുണ്ട്. വർണാഭമായ അലങ്കാര വിളക്കുകൾ രാത്രി കാഴ്ചകളെ വശ്യമനോഹരമാക്കുന്നു.

കായികോദ്യാനം
യാമ്പു ജിദ്ദ ഹൈവേയിൽ നിന്ന് തിരിയുന്ന കിങ്​ ഫൈസൽ റോഡി​​​െൻറ ഓരത്ത് റോയൽ കമീഷൻ നിർമിച്ച പ്രിൻസ് അബ്​ദുല്ല ബിൻധുൻയാൻ സ്പോർട്ട് പാർക്ക് സഞ്ചാരികളുടെയും കായിക പ്രേമികളുടെയും ഇഷ്​ട സങ്കേതമാണ്. മൂന്നു ലക്ഷം ചതുരശ്ര മീറ്ററിൽ വിശാലമായി ഒരുക്കിയ കായികോദ്യാനത്തിൽ ഈത്തപ്പനകളും തണൽ മരങ്ങളുമായി 5700 വൃക്ഷങ്ങളാൽ ഹരിതാഭമാക്കിയിട്ടുണ്ട്. 2500 മീറ്ററിൽ സിന്തറ്റിക്ക് ട്രാക്കോടുകൂടിയ നടപ്പാതയും സൈക്കിൾ സവാരിക്കായി പ്രത്യേക റോഡും ഈ പാർക്കിലെ പ്രധാന ആകർഷണമാണ്. സായാഹ്‌ന നടത്തത്തിനായി കുടുംബത്തോടൊപ്പം എത്തുന്നവർക്ക്‌ ഏറെ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി ചെറിയ പാർക്കുകളും, വിശ്രമിക്കാനുള്ള ഇടങ്ങളും, കളിസ്ഥലങ്ങളും, നമസ്കാര സ്ഥലവും, കുടിവെള്ളവും, ശുചീകരണ സൗകര്യങ്ങളും ഈ സ്‌പോർട്ട് പാർക്കിലുണ്ട്. പ്രകൃതിക്കിണങ്ങും വിധമാണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. വലിയ മരങ്ങളും കുറ്റിച്ചെടികളും പൂക്കളുമായി ഉദ്യാനം ഏറെ മനോഹരമാണ്. യാമ്പുവിലെത്തുന്ന സഞ്ചാരികൾക്ക് പാർക്ക് ഏറെ ആസ്വാദ്യകാര്യമായിരിക്കും.

നൗറസ് ദ്വീപ്
യാമ്പുവിലെ ചെങ്കടലിൽ ഒരുക്കിയ മനുഷ്യനിർമിതമായ ‘നൗറസ് ദ്വീപ്’ സഞ്ചാരികൾക്ക്‌ അതീവ ഹൃദ്യത പകരുന്ന ഒരിടമാണ്. 232, 800 സ്‌ക്വയർ മീറ്ററിൽ നിർമിച്ച ദ്വീപിലേക്ക്‌ സമുദ്ര തീരത്ത് നിന്ന് നീണ്ട മേൽപാലം ഉണ്ട്. ഇതിലൂടെ വാഹനങ്ങൾ വഴി സഞ്ചാരികൾക്ക് അവിടെ എത്താം.
ദ്വീപി​​​െൻറ അകത്ത് തന്നെ വിശാലമായ വാഹന പാർക്കിങ് ഏരിയയും, വിശ്രമ ഇടങ്ങളും, കടലോര ഇരിപ്പിടങ്ങളും കൊച്ചു പാർക്കുകളും ഒരുക്കിയിട്ടുണ്ട്. മുകളിൽ നിന്നുള്ള കാഴ്ചയിൽ സാഗര നീലിമയിലേക്ക് ഉതിർന്നു വീഴുന്ന ജലകണം പോലെയാണ് ഈ കൃത്രിമ ദ്വീപി​​​െൻറ ആകൃതി. സായന്തനങ്ങളിൽ കുടുംബങ്ങളോടൊത്ത് സ്വദേശികളും വിദേശികളും സമയം ചെലവഴിക്കാൻ ഇവിടെ എത്തുന്നു. കുടുംബത്തിന് ഒരുമിച്ചിരിക്കാൻ പറ്റുന്ന തണൽ കൂടാരങ്ങൾ പ്രാർഥനാ ഇടങ്ങൾ,വൃത്തിയുള്ള ടോയിലറ്റ് സംവിധാനങ്ങൾ എന്നിവ ഇവിടെയും ഒരുക്കിയിട്ടുണ്ട്. സൗദിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ യാമ്പു ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. വർഷം തോറും നടക്കുന്ന യാമ്പു പുഷ്‌പോത്സവം സഞ്ചാരികളുടെ മനം കവരുന്നതാണ്. റോയൽ കമീഷന് പുതിയ മുഖ​ഛായ നൽകി പരിഷ്‌കരിക്കുന്ന വൈവിധ്യവും നയനാനന്ദകരവുമായ ഉദ്യാനങ്ങൾ കൂടി ഒരുക്കിയതോടെ യാമ്പുവിനോട് സഞ്ചാ രികളുടെ ഇഷ്​ടം കൂടി വരികയാണ്. എല്ലായിടത്തും പ്രവേശനം സൗജന്യമാണ് എന്നതും സന്ദർശകരെ ഇങ്ങോട്ട് കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsyambu royal commission
News Summary - yambu royal commission-saudi-gulf news
Next Story