തിരക്കേറി പൈതൃകച്ചന്ത; ഇഫ്താർ വിഭവങ്ങളുടെ വൈവിധ്യവുമായി യാംബു റമദാൻ സൂഖ്
text_fieldsയാംബു റോയൽ കമീഷനിലെ റമദാൻ സൂക്കിലെത്തിയവരുടെ തിരക്ക്
യാംബു: പാരമ്പര്യത്തിന്റെ തനിമയും രുചിഭേദങ്ങളുടെ വൈവിധ്യവുമായി യാംബു റോയൽ കമീഷനിലെ റമദാൻ സൂഖ് സജീവം. കഴിഞ്ഞ 15 വർഷമായി മുടക്കമില്ലാതെ നടന്നുവരുന്ന ഈ പൈതൃക വിപണി, ഇത്തവണയും അപൂർവമായ ഇഫ്താർ വിഭവങ്ങളാൽ സന്ദർശകരെ ആകർഷിക്കുകയാണ്. സ്വദേശികളുടെയും വിദേശികളുടെയും വൻ തിരക്കാണ് വൈകുന്നേരങ്ങളിൽ ഇവിടെ അനുഭവപ്പെടുന്നത്.
രുചിയൂറും വിഭവങ്ങൾ
പഴമയുടെ പ്രൗഢി ചോരാതെ ഒരുക്കിയിരിക്കുന്ന സൂഖിലെ പ്രധാന ആകർഷണം മഞ്ഞളിൽ പുഴുങ്ങിയെടുത്ത ആടിന്റെ തലയാണ്. കുറഞ്ഞ അളവിൽ മസാല ചേർത്ത് തയാറാക്കുന്ന ഈ വിഭവം പ്രദേശത്തെ സൗദികളുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതിനു പുറമെ ലഹം, ദുഗ്ഗ, സൂബിയ, വരാക്ക് അയ്നബ്, ഹരീസ്, മുത്തബ്ബഖ് തുടങ്ങിയ പരമ്പരാഗത അറബ് വിഭവങ്ങളുടെ നീണ്ട നിര തന്നെ ഇവിടെയുണ്ട്.
സൗദി വിഭവങ്ങൾക്ക് പുറമെ ഇന്ത്യ, പാകിസ്താൻ, തുർക്കി, ലബനൻ തുടങ്ങിയ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങൾ ഉൾപ്പെടുത്തി അമ്പതോളം സ്റ്റാളുകളാണ് ചന്തയിൽ സജ്ജീകരിച്ചിരിക്കുന്നത്.
കാർഷിക വിപണി
ഭക്ഷണ പദാർഥങ്ങൾക്കൊപ്പം തദ്ദേശീയ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നെത്തിക്കുന്ന ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും ഇവിടെ ലഭ്യമാണ്. മുളക്, ചീര, കിഴങ്ങ് വർഗങ്ങൾ എന്നിവയുടെ വിപണനം വിലപേശലിലൂടെ പഴയകാല ചന്തകളെ അനുസ്മരിപ്പിക്കുന്നു. കേവലം ഒരു കച്ചവട കേന്ദ്രം എന്നതിലുപരി, സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ഒത്തുചേരലിന്റെ വേദി കൂടിയാണ് ഈ റമദാൻ സൂഖ്. നോമ്പ് തുറക്കുശേഷം കുടുംബ സംഗമങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും ഈ ഇടം സാക്ഷ്യം വഹിക്കുന്നു.
സുരക്ഷയും ശുചിത്വവും
യാംബു റോയൽ കമീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സൂഖിന്റെ പ്രവർത്തനം. വിൽപനക്ക് വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, കാലാവധി, സ്റ്റാളുകളുടെ ശുചിത്വം എന്നിവ റോയൽ കമീഷൻ, വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. നോമ്പുതുറയുടെ ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്ന അറബികളും വിദേശികളും ഒരുപോലെ വിഭവങ്ങൾ വാങ്ങാൻ എത്തുന്നതോടെ റമദാൻ രാത്രികളിൽ യാംബു സൂഖ് അക്ഷരാർഥത്തിൽ ഒരു ഉത്സവപ്പറമ്പായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

