വിദ്യാർഥി അനന്ദുവിന്റെ അപകടമരണത്തിൽ ദു:ഖാർത്തരായി യാംബു മലയാളി സമൂഹം
text_fieldsയാംബു: യാംബുവിൽ വിദ്യാർഥിയായിരുന്ന തൃശൂർ നെല്ലിപ്പറമ്പിൽ അനന്ദുവിന്റെ (19) വിയോഗ വാർത്ത യാംബു മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. യാംബു അൽ മനാർ ഇന്റർനാഷനൽ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പഠനവും യാംബു റദ് വ ഇന്റർനാഷനൽ സ്‌കൂളിൽ നിന്ന് പ്ലസ്‌ടു പഠനവും പൂർത്തിയാക്കി കഴിഞ്ഞ വർഷമാണ് അനന്ദു ഉപരിപഠനത്തിനായി നാട്ടിലേക്കു മടങ്ങിയത്.
മുംബൈയിൽ ബിരുദപഠനം നടത്തുന്ന അനന്ദു അവധിക്കായി നാട്ടിലെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെ ഒരു ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ തൃശൂർ ടൗണിലേക്ക് പോയപ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്. സാരമായ പരിക്ക് പറ്റിയ അനന്ദു ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വൈകീട്ട് മരിച്ചത്.
യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നെല്ലിപ്പറമ്പിൽ സുകുമാരൻ വാസുവിന്റേയും ഇന്ദുലേഖയുടെയും മൂത്ത പുത്രനാണ് അനന്ദു. ഇളയ സഹോദരങ്ങളായ ആര്യൻ ഏഴാം ക്ലാസിലും അമ്പാടി രണ്ടാം ക്ലാസിലും അൽ മനാർ സ്‌കൂളിൽ വിദ്യാർഥികളാണ്. നല്ല പെരുമാറ്റ ഗുണങ്ങളുടെ ഉടമയായിരുന്ന അനന്ദുവിനെ കുറിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും നല്ലത് മാത്രമേ പറയാനുള്ളു.
പഠനത്തിലെന്ന പോലെ പഠ്യേതര കാര്യങ്ങളിലും സജീവമായിരുന്നു അനന്ദു. അൽ മനാർ സ്‌കൂളിൽ വളണ്ടിയർ ക്യാപ്റ്റനായും സ്‌കൗട്ട് അംഗമായും നിറഞ്ഞു നിന്നിരുന്ന അനന്ദുവിന്റെ ഓർമകൾ ജൂനിയർ വിദ്യാർഥികൾ തപ്തസ്മരണകളോടെ അയവിറക്കുകയാണ്. റദ് വ ഇന്റർനാഷനൽ സ്‌കൂളിൽ പ്ലസ്‌ടു പൂർത്തിയാക്കിയ അനന്ദു സ്റ്റുഡന്റസ് കൗൺസിൽ ലീഡറായിരുന്നു. വശ്യമായ പുഞ്ചിരിയോടെയും മിതഭാഷണ സ്വഭാവത്തോടെയുമുള്ള പെരുമാറ്റവും ആരെയും ആകർഷിക്കുന്നതായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
പ്രസംഗകലയിൽ ഏറെ മികവ് പുലർത്തിയിരുന്ന അനന്ദു യാംബുവിലെ സാംസ്കാരിക സന്നദ്ധ സംഘടനകൾ നടത്തിയ പ്രസംഗ മത്‌സരങ്ങളിലും മറ്റും ഉയർന്ന സ്ഥാനം നേടിയിരുന്നു. അഭിനയ കലയിലും തന്റേതായ കഴിവ് തെളിയിച്ച വിദ്യാർഥിയുടെ പ്രകടനത്തെ കുറിച്ച് നേരത്തേ തന്നെ യാംബു പ്രവാസികൾക്കിടയിൽ ഏറെ മതിപ്പ് ഉളവാക്കിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ വിയോഗ വാർത്ത നാട്ടിലും യാംബുവിലുമുള്ള കൂട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

