യാംബു സൗദിയിൽ റോഡപകടങ്ങൾ ഏറ്റവും കുറഞ്ഞ നഗരമെന്ന് റിപ്പോർട്ട്
text_fieldsയാംബു ടൗണിെൻറ രാത്രിദൃശ്യം ഫോട്ടോ: മുഹമ്മദ് റിയാസ് മോങ്ങം
യാംബു: രാജ്യത്തെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവാണ് സൗദിയിൽ റോഡപകടങ്ങൾ ഏറ്റവും കുറഞ്ഞ നഗരമെന്ന് കണക്കുകൾ. 2019ൽ ട്രാഫിക് അപകടങ്ങൾ യാംബുവിൽ തീരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം എം.ബി.സി ചാനൽ ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിൽ യാംബുവിെൻറ മികവ് ഉദ്ധരിച്ച് പ്രത്യേക പരിപാടി അവതരിപ്പിച്ചിരുന്നു. സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ട്രാഫിക് അപകടങ്ങൾ കുറക്കാൻ യാംബു ട്രാഫിക് വിഭാഗം നടത്തിയ ബൃഹത്തായ പദ്ധതികൾ വിവരിച്ചിരുന്നു.
2014ൽ യാംബു നഗരത്തിലെ റോഡപകടകങ്ങളിലെ മരണസംഖ്യ 36 ആയിരുന്നെന്നും 2015ൽ 21 ആയും 2016ൽ 14 ആയും കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിച്ച് എം.ബി.സി ചാനൽ പരിപാടിയുടെ അവതാരകനായ അഹ്മദ് അൽ ശുഗൈരി വെളിപ്പെടുത്തി. ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിന് നഗരാധികൃതർ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദമാക്കി. ട്രാഫിക് സുരക്ഷ നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതും വാഹനമോടിക്കുന്നവരുടെ തെറ്റായ പെരുമാറ്റങ്ങൾ ഇല്ലായ്മ ചെയ്യാനും ഇത് വഴിവെച്ചതായി വിലയിരുത്തുന്നു. ആസൂത്രണത്തോടെയുള്ള നടപടികൾ മരണനിരക്ക് ഇപ്പോൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടമാണ്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്നും ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചാൽ ഏറെ ഫലം കിട്ടുമെന്നും അഹ്മദ് അൽ ശുഗൈരി അഭിപ്രായപ്പെട്ടു. സ്വീഡൻ, നോർവേ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ട്രാഫിക് അപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുന്നതിൽ വിജയിച്ച രാജ്യങ്ങളാണ്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം അമിതവേഗം തന്നെയാണ് ലോകമെമ്പാടുമുള്ള ട്രാഫിക് അപകടങ്ങളിൽ മൂന്നിലൊന്നിന് ഹേതുവായി കണക്കാക്കുന്നത്.
ചെറുപ്പക്കാരായ ഡ്രൈവർമാരാണ് അപകടങ്ങൾ കൂടുതൽ വരുത്തുന്നത്. റോഡപകടങ്ങളിൽ 15നും 29നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് മുന്നിൽ നിൽക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ പുറത്തുവിട്ട കണക്കുകളും ചാനൽ വിവരിച്ചു. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന വസ്തുക്കളുടെ ചെലവുകൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു മുതൽ അഞ്ച് ശതമാനം വരെ കണക്കാക്കുന്നുവെന്നും അപകടങ്ങൾ പല കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

