അറബ് പൈതൃകത്തിെൻറ നേർക്കാഴ്ചയായി യാംബു ചരിത്രപ്രദർശനം
text_fieldsയാംബു പൈതൃകോത്സവ നഗരിയിലെ വിവിധ കാഴ്ചകൾ ഫോട്ടോ: വി.കെ. സഫ്വാൻ ഗൂഡല്ലൂർ
യാംബു: അറബ് പൈതൃകത്തിെൻറ നേർക്കാഴ്ചയായി യാംബുവിൽ ചരിത്രപ്രദർശനം. യാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ നടക്കുന്ന പ്രദർശനം അപൂർവ കാഴ്ചാനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്. ഗതകാല സ്മരണകൾ അയവിറക്കുന്ന കെട്ടിടാവശിഷ്ടങ്ങളും ചരിത്ര മുദ്രകളും ഇപ്പോഴും തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെടുന്നു. പഴമയുടെ സൗന്ദര്യത്തിലേക്കാണ് ഇവ കാഴ്ചക്കാരെ ക്ഷണിക്കുന്നത്.
പ്രാചീന വാസ്തുവിദ്യ ശൈലിയിലാണ് പുതിയകെട്ടിടങ്ങളും കടകളും ഇവിടെ നിർമിക്കുന്നത്. രണ്ടുമാസത്തോളം നീളുന്ന പൈതൃക പ്രദർശനം കാണാൻ സ്വദേശികളും വിദേശികളുമായ ധാരാളം ആളുകൾ കുടുംബ സമേതം രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നുണ്ട്. 'താരീഖിയത്തു യാംബു' (യാംബുവിെൻറ ചരിത്രം) എന്ന് രേഖപ്പെടുത്തിയ വലിയ ബോർഡ് നഗരിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഒട്ടും തനിമ ചോരാതെ അറബ് ജനത സൂക്ഷിക്കുന്ന പൈതൃകത്തിെൻറ തിരുശേഷിപ്പുകൾ ചാരുതയോടെ ആവിഷ്കരിച്ചിരിക്കുകയാണ് നഗരിയിൽ. എത്ര പുരോഗതിയുടെ പടവുകൾ കയറിയാലും അറബ് നാഗരികതയുടെ ത്രസിക്കുന്ന നാഡീവ്യൂഹത്തിൽ പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ഹൃദയതാളം തുടിക്കുന്ന കാഴ്ച അവാച്യമായ അനുഭൂതിയാണ് നൽകുന്നത്.
പഴയ ആളുകൾ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, കയറുൽപന്നങ്ങൾ, പണിസാധനങ്ങൾ തുടങ്ങിയവ കാലത്തിനും ചരിത്രത്തിനും ഏറെ പിറകിലുള്ള ഒരു സംസ്കാരത്തെ വഹിക്കുന്നുണ്ട്.
കടലിനോടും മരുഭൂമിയോടും ഇടപഴകി അധ്വാനിക്കുന്ന ഒരു ജനതയുടെ അതിജീവന ചരിത്രത്തിെൻറ നാൾവഴികൾ ഈ പൈതൃക നഗരി സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാനാകുന്നു. പൂർവികരുടെ ജീവിതത്തിെൻറ വഴിയടയാളങ്ങൾ അനുകരിക്കുന്ന വൈവിധ്യമാർന്ന പവിലിയനുകളാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. സ്വദേശികളായ ഇവിടത്തെ കച്ചവടക്കാർ അവരുടെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും നടത്തുന്നുണ്ട്.
പഴമയുടെ ഗതാഗത രീതികളും പഴയവാഹനങ്ങളുടെ പ്രദർശനവും സന്ദർശകരെ ഹഠാദാകർഷിക്കുന്നു. 40വർഷത്തിലധികം പഴക്കമുള്ള പഴയ താക്കോലുകൾ, വീട്ടുപകരണങ്ങൾ, പഴയകാല തടിബോട്ടുകൾ നിർമിക്കുന്ന രീതി, പഴയകാലത്ത് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാർ, പൗരാണിക കാലത്തെ സുരക്ഷ വിഭാഗങ്ങളുടെ സേവനങ്ങൾ, പണ്ടത്തെ ഗുരുകുല പഠനരീതികൾ തുടങ്ങിയവയെല്ലാം മോഡലുകളായി പ്രദർശനനഗരിയിലെ വിവിധ സ്റ്റാളുകളിൽനിന്ന് കാണാം.
കുട്ടികൾക്ക് പ്രത്യേകം ഒരുക്കിയ ഉല്ലാസ സാമഗ്രികളും വൈവിധ്യമാർന്ന സാധനങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകളും ഫുഡ് കോർട്ടുകളും സന്ദർശകർക്കായി നഗരിയിൽ ഒരുക്കിയിട്ടുണ്ട്. പുരാതനകാലത്ത് മരപ്പണിക്കാർ നിർമാണം നടത്തിയിരുന്ന വൈവിധ്യമാർന്ന കരകൗശലവസ്തുക്കളുടെ നിർമാണം, പഴയകാലത്തെ ബാർബർ ഷോപ്പിെൻറ ആവിഷ്കാരം, സൗദി യുവതികളുടെ വേറിട്ട കാരകൗശല വസ്തുക്കളുടെ നിർമാണം എന്നിവ വിസ്മയക്കാഴ്ചയാണ് പ്രദർശനനഗരിയിൽ ഒരുക്കുന്നത്.
വൈകുന്നേരങ്ങളിൽ നടക്കുന്ന പ്രദർശനം കാണാനും ചരിത്രനഗരിയിലെത്തി പഴമയുടെ പെരുമ ആവോളം ആസ്വദിക്കാനും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സന്ദർശകർ എത്തുന്നത്. രാത്രികാലങ്ങളിൽ നടക്കുന്ന സ്റ്റേജ് ഷോകളിൽ അറബ് പാരമ്പര്യം സ്ഫുരിക്കുന്ന കലാപ്രകടനങ്ങൾ അരങ്ങ് തകർക്കുന്നു. സൗജന്യമായി പ്രവേശനം അനുവദിക്കുന്ന പൈതൃക സാംസ്കാരിക മേള ഇനിയും ആഴ്ചകൾ നീളുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

