ആരോഗ്യ കേന്ദ്രങ്ങളിൽ യാംബു ഗവർണറുടെ സന്ദർശനം
text_fieldsയാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി യാംബു ജനറൽ ആശുപത്രി
സന്ദർശിച്ചപ്പോൾ
യാംബു: പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി സന്ദർശിച്ചു. അൽ സുമൈരി ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങളും യാംബു ജനറൽ ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യൻറ്, എമർജൻസി ക്ലിനിക്കുകളും അദ്ദേഹം സന്ദർശിച്ചു. സന്ദർശനവേളയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം, ലബോറട്ടറി, എക്സ്റേ സംവിധാനങ്ങൾ, വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻറുകൾ എന്നിവിടങ്ങളിൽ ഗവർണർ പരിശോധന നടത്തി.
മദീന ആരോഗ്യ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റഫാത്ത് ബിൻ അബ്ദുല്ല അബൂ ത്വാലിബും ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ ഉദ്യോഗസ്ഥരും ഗവർണറെ സ്വീകരിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ, മെഡിക്കൽ ഡയറക്ടർ, പേഷ്യൻറ് അഫയേഴ്സ് അസിസ്റ്റൻറ്, നഴ്സിങ് ഡയറക്ടർ എന്നിവരുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. ആരോഗ്യമേഖലയിൽ ഗവർണറേറ്റിന്റെ പ്രവർത്തന പുരോഗതിയും ആവശ്യങ്ങളും ഗവർണർ ചർച്ച ചെയ്തു.
ആശുപത്രിയിലെ വിവിധ ജീവനക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സന്ദർശകർക്കും രോഗികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനും മദീന ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗവർണറുടെ സന്ദർശനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

