വർണക്കാഴ്ചകളുമായി യാമ്പു മത്സ്യമാർക്കറ്റ്
text_fieldsയാമ്പു: വേറിട്ടതും കൗതുകമുണർത്തുന്നതുമായ കാഴ്ചയാണ് ചെങ്കടൽ തീരത്തെ യാമ്പു ടൗണിനടുത്തുള്ള മത്സ്യ മാർക്കറ്റ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. തദ്ദേശീയരെയും വിദേശികളെയും ഒരു പോലെ ആകർഷിക്കുകയാണ് വിശാല സൗകര്യങ്ങളോടെ ഒരുക്കിയ യാമ്പുവിലെ മാർക്കറ്റ്. യാമ്പു മേഖലയിൽ നിന്ന് പിടിക്കുന്ന വർണമത്സ്യങ്ങളുടെ അപൂർവ ശേഖരങ്ങളാണ് ഈ മാർക്കറ്റിനെ ആകർഷകവും വ്യത്യസ്തവുമാക്കുന്നത്. പുതിയ മത്സ്യങ്ങൾ ഇവിടെ യഥേഷ്ടം ലഭിക്കും. ഉപഭോക്താവിെൻറ പോക്കറ്റിന് യോജിച്ച മത്സ്യങ്ങൾ ലഭ്യമാണ്.
എല്ലാ ദിവസവും പ്രഭാത നമസ്കാരശേഷം ഇവിടെ നടക്കുന്ന ലേലം വിളിയിൽ വാങ്ങുന്ന മത്സ്യങ്ങളാണ് വിപണികളിൽ കച്ചവടത്തിനായി എത്തുന്നത്. ഏറെ വർണാഭമായ കാഴ്ചയാണിത്. ബോട്ട് ജെട്ടിയിലെ തുറസ്സായ പ്രദേശത്ത് നിരത്തിയിട്ടിരിക്കുന്ന മീനുകളെ മുന്നിൽ വെച്ച് വില വിളിച്ചുറപ്പിക്കുന്ന രീതി. നൂറ് കണക്കിന് കച്ചവടക്കാരും ബോട്ടുടമകളും ഇടനിലക്കാരും ജീവനക്കാരും മത്സര ബുദ്ധിയോടെ സജീവമാകുന്ന രണ്ട് മണിക്കൂർ സമയം. ഇവിടുത്തെ ലേലം വിളിയുടെ ആവേശത്തിനപ്പുറം നയനാനന്ദകരമായ മറ്റൊരു കാഴ്ചയാണ് മനോഹരമായ രീതിയിൽ നിരത്തിയിട്ടിരിക്കുന്ന ചെറുതും വലുതുമായ വർണമത്സ്യങ്ങൾ.
വൻകിട ലോഞ്ചുകളിലും ചെറുകിട ബോട്ടുകളിലുമൊക്കെയെത്തുന്ന മീനുകളുടെ ലേലം വിളി രാവിലെ ഏഴു മണിയാകുമ്പോഴേക്കും പൂർത്തിയാകും. അതത് ദിവസം എത്തിയ മീനുകൾ അന്നന്നു തന്നെ ലേലമുറപ്പിച്ച് യാമ്പു മാർക്കറ്റിലും മറ്റു കേന്ദ്രങ്ങളിലും എത്തിക്കുന്നു. ലേലം വിളിയിൽ പങ്കെടുക്കുന്നവരെല്ലാം തദ്ദേശീയരാണ് എന്ന പ്രത്യേകതയും ഉണ്ട്. കച്ചവടക്കാരുടെ ആളുകൾ ചേർന്ന് മീൻ വാരിയെടുത്ത് ബോക്സുകളിലും കോമ്പലകളിലും നിറക്കും. സ്വദേശി കച്ചവടക്കാരുടെ വിദേശികളായ ജോലിക്കാരാണ് പിന്നീട് മാർക്കറ്റിൽ ഇവ വിൽക്കുന്നത്. ഇവരിൽ ചില മലയാളി ജീവനക്കാരും ഉണ്ട്.
ട്രോളിംഗ് നിരോധത്തിന് ശേഷം മീനിെൻറ ലഭ്യത ഇവിടെ കൂടിയിട്ടുണ്ടെങ്കിലും പല കുടുംബങ്ങളുടെയും തിരിച്ചുപോക്കിൽ വിപണി പൊതുവെ മന്ദഗതിയിലാണെന്ന് മത്സ്യവിൽപനക്കാരിലൊരാളായ മണ്ണാർക്കാട് സ്വദേശി പറഞ്ഞു. തദ്ദേശീയർ കൂടുതലായി വാങ്ങുന്ന സുബൈദി, ശുഹൂര്‍, നാജിൽ തുടങ്ങിയ മത്സ്യത്തിന് ശരാശരി വിലയാണ് എപ്പോഴും ഇവിടെ ഈടാക്കുന്നത്. ഹമൂറിനും ബാലൂണിനും പലപ്പോഴും വില കൂടുതലാണ്. കയറിെൻറ കോമ്പലകളിൽ കോർത്ത മത്സ്യക്കൂട്ടങ്ങൾ നിരത്തി വെച്ചാണിവിടെ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നത്.
വിവിധ വർണങ്ങളിലുള്ള മത്സ്യങ്ങൾ ഇവിടുത്തെ തെളിഞ്ഞ ചെങ്കടലിെൻറ ഭാഗങ്ങളിൽ സുലഭമാണ്. മത്തി,അയല തുടങ്ങി സാധാരണ ഉപയോഗിക്കുന്ന മീനുകൾ അപൂർവമായി ലഭിക്കുന്നു. അതിന് ഡിമാൻഡ് കൂടുതലുമാണ്. അേക്വറിയങ്ങളിൽ പോലും കാണാത്തത്ര വര്‍ണ വൈവിധ്യമുള്ള മത്സ്യങ്ങളുടെ അപൂർവ ശേഖരം കാണാം. യാമ്പു മീൻ മാർക്കറ്റിെൻറ സാന്നിധ്യം അറിയിക്കാൻ തൊട്ടടുത്തുള്ള റൗണ്ട് എബൗട്ടിൽ വർണത്തിൽ കുളിച്ച് നിൽക്കുന്ന വലിയ കുട്ടയുടെയും സൗദിയുടെ ദേശീയ മത്സ്യമായ ‘നാജിലി’ െൻറയും ശിൽപവും അരികെ ചാരി വെച്ച വലിയ പങ്കായവും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
