യാംബു വിചാരവേദി സാഹിത്യ വിചാരവും കലാസന്ധ്യയും
text_fieldsയാംബു വിചാരവേദി സംഘടിപ്പിച്ച സാഹിത്യവിചാര പരിപാടിയോടനുബന്ധിച്ച് നടന്ന കലാസന്ധ്യയിൽ നിന്ന്
യാംബു: യാംബുവിലെ അക്ഷരസ്നേഹികളുടെയും കലാസാഹിത്യ രംഗത്ത് താല്പര്യമുള്ളവരുടെയും കൂട്ടായ്മയായ 'യാംബു വിചാരവേദി' സാഹിത്യ സംഗമവും കുട്ടികളുടെ കലാസന്ധ്യയും സംഘടിപ്പിച്ചു.
കെൻസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഡോ. അശോക് ഡിക്രൂസ് ഓൺലൈനിൽ അതിഥിയായി പങ്കെടുത്തു. നമ്മുടെ മാതൃഭാഷ നെഞ്ചേറ്റാനും സംസ്കാരം വീണ്ടെടുക്കാനും പ്രവാസികളായ മലയാളികൾ ചെയ്യുന്ന ബഹുമുഖമായ പ്രവർത്തനങ്ങൾ ഏറെ ശാഘനീയമാണെന്നും മലയാളഭാഷയുടെ വേറിട്ട മഹത്വം ഉൾക്കൊണ്ട് അതിന്റെ പ്രചാരകരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വിചാരവേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ അധ്യക്ഷത വഹിച്ചു. 'ആധുനിക സാങ്കേതിക വിദ്യയിൽ എ.ഐ സാധ്യതകൾ' എന്ന വിഷയത്തിൽ റിൻസി റിലീഷും 'നവീന സിനിമ ഗാനങ്ങളിലെ കാവ്യാത്മകത' എന്ന വിഷയത്തിൽ പി. നീതുവും പ്രസന്റേഷൻ നടത്തി. സാഹിത്യത്തിന് നോബേൽ പുരസ്കാരം നേടിയ ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകൈയുടെ രചനാ ലോകത്തെക്കുറിച്ച് നാസർ മാസ്റ്റർ വിഷയാവതരണം നടത്തി. ജെയിംസ് ക്ലിയർ എഴുതിയ 'ആറ്റോമിക് ഹാബിറ്റ്സ്' എന്ന പുസ്തകത്തെ ജെഫ്സി ഫ്രാങ്ക് പരിചയപ്പെടുത്തി. 2016 ൽ രൂപവതരിച്ച യാംബു വിചാരവേദിയുടെ നാൾവഴികളും സാഹിത്യമേഖലയിലും മറ്റും ചെയ്ത പ്രവർത്തനങ്ങളും എടുത്തുകാട്ടിയുള്ള പ്രസന്റേഷനും യോഗത്തിൽ അവതരിപ്പിച്ചു.
വിവിധ പ്രസന്റേഷനുകൾ നടത്തിയവർക്കുള്ള ആദരവ് കെൻസ് ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷൻ പ്രിൻസിപ്പൽ സബാഹ് ആലുവ, യാംബു മലയാളി അസോയിയേഷൻ പ്രസിഡന്റ് സലിം വേങ്ങര, 'ഗൾഫ് മാധ്യമം' റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, അഡ്വ. ജോസഫ് അരിമ്പൂർ എന്നിവർ ചടങ്ങിൽ നൽകി. മലർവാടി ബാലസംഘം മെന്റർ ജാസിറ മുസ്തഫയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വിവിധ ഗ്രൂപ്പുകൾ നടത്തിയ ഒപ്പന, സംഘനൃത്തം, സംഘഗാനം എന്നിവ പരിപാടിക്ക് മിഴിവേകി. യാംബു വിചാരവേദി എക്സിക്യൂട്ടീവ് അംഗം നിയാസ് യൂസുഫ് പരിപാടിയുടെ അവതാരകനായിരുന്നു. യാംബു വിചാരവേദി ജനറൽ സെക്രട്ടറി നൗഷാദ് വി മൂസ, ഷൗക്കത്ത് എടക്കര, സിന്ധു ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

