യാംബു വിളിക്കുന്നു, പവിഴപ്പുറ്റുകളുടെ അപൂർവ കാഴ്ചക്കും കടൽ ഡൈവിങ്ങിനും
text_fieldsവർണാഭമായ പവിഴപ്പുറ്റുകളുടെ അപൂർവ കേന്ദ്രമായ യാംബു കടൽഭാഗങ്ങളിലെ ദൃശ്യങ്ങൾ
യാംബു: ഡൈവിങ് കമ്പക്കാരുടെയും പവിഴപ്പുറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുന്ന സമുദ്രഗവേഷകരുടെയും ഇഷ്ടകേന്ദ്രമായി യാംബു ചെങ്കടൽ ഭാഗങ്ങൾ മാറുന്നു. സഞ്ചാരികളുടെയും ഗവേഷകരുടെയും വിസ്മയമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പവിഴപ്പുറ്റുകൾ ഉൾക്കൊള്ളുന്ന ശാന്തമായ, തെളിഞ്ഞ കടൽഭാഗങ്ങൾ. ഓറഞ്ച്, ബ്രൗൺ, പിങ്ക്, നീല നിറങ്ങളിലുള്ളവയാണ് പവിഴപ്പുറ്റുകളിൽ ഏറെയുമെന്ന് മറൈൻ ബയോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. യാംബു ചെങ്കടൽ തീരങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് അധികൃതർ നൽകുന്ന പ്രാധാന്യം പ്രകൃതി വിഭവങ്ങളുടെ വളർച്ചക്കും അഭിവൃദ്ധിക്കും ഗുണകരമായി വർത്തിക്കുന്നു. സൗദിയിലെ മുൻനിര സമുദ്ര ടൂറിസം അനുഭവങ്ങളിലൊന്നായി യാംബു പൊതുവേ കണക്കാക്കപ്പെടുന്നു. അത്യാകർഷകവും വൃത്തിയുമുള്ള പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് യാംബു കടൽഭാഗങ്ങൾ. വർണമത്സ്യങ്ങളുടെ നിറസാന്നിധ്യത്താൽ കണ്ണഞ്ചിപ്പിക്കുന്ന നേർക്കാഴ്ചകൾ ആസ്വദിക്കാനാണ് ഡൈവിങ് കമ്പക്കാർ വിദേശ രാജ്യങ്ങളിൽനിന്നടക്കം ഇവിടേക്ക് എത്തുന്നത്. ഡൈവിങ്ങിലൂടെ ഹൃദ്യമായ കാഴ്ചകൾ എമ്പാടും ആസ്വദിക്കാൻ യാംബു ബീച്ചിൽ 'വിസിബിലിറ്റി' കൂടുതലാണ് എന്നതിനാൽ നിർഭയമായി ഡൈവിങ് ചെയ്യാൻ സാധിക്കും. മിതമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ധാരാളം ഡൈവിങ് പരിശീലന ക്ലബുകളും ഈ മേഖലയിലേക്ക് താൽപര്യക്കാരെ ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്.
സൗദി ഫെഡറേഷൻ ഓഫ് മറൈൻ സ്പോർട്സ് അതോറിറ്റി ഡൈവിങ് താൽപര്യക്കാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ട പരിപാടികളുമായി രംഗത്തുണ്ട്. സൗദി ടൂറിസം ആൻഡ് ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ യാംബുവിൽ നടത്താറുള്ള ഡൈവിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാനും ധാരാളം ഡൈവിങ് കമ്പക്കാർ എത്താറുണ്ട്. 30 വർഷങ്ങൾക്കു മുമ്പ് യാംബു കടലിൽ മുങ്ങിയ കപ്പൽ കാണാനുള്ള പര്യവേക്ഷണ ട്രിപ്പ്, ഡൈവിങ് എക്സിബിഷനുകൾ, സീ തിയറ്റർ, ആർട്ടിസ്റ്റിക് സായാഹ്നങ്ങൾ, വെർച്വൽ റിയാലിറ്റി ഡൈവിങ് എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടക്കും. നാഷനൽ ഹെറിറ്റേജ് വിഭാഗം, ബോർഡർ ഗാർഡ് വിഭാഗം, യാംബു റോയൽ കമീഷൻ അതോറിറ്റി, റെഡ് ക്രസൻറ്, ഗവർണറേറ്റിലെ ഡൈവിങ് സെൻററുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മേള ഒരുക്കാറുള്ളത്. ഡൈവിങ് ഫെസ്റ്റിവലിലൂടെ ടൂറിസം മേഖലക്ക് പുതിയ ദിശാബോധം കൈവരിക്കാനും കടലിലെ പുതിയ വിവരങ്ങൾ സമൂഹത്തിന് പകുത്തുനൽകാനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ഡൈവിങ് പഠനം പൂർത്തിയാക്കി അംഗീകാരപത്രമുള്ളവർക്കു മാത്രമേ ഇവിടെ ഡൈവിങ്ങിനായി പ്രത്യേകം അനുവദിച്ച കടൽഭാഗങ്ങളിൽ ഇറങ്ങാൻ അധികൃതർ അനുവാദം നൽകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

