പാഠം ഒന്ന്....ഫയർ സേഫ്റ്റി
text_fieldsയാമ്പു: സിവിൽ ഡിഫൻസ് എക്സിബിഷനോടനുബന്ധിച്ച് കുട്ടികൾക്ക് അഗ്നിദുരന്തത്തെകുറിച്ചും രക്ഷാമാർഗങ്ങളെ കുറിച്ചും അവബോധമുണ്ടാക്കാൻ ഒരുക്കിയ പരിശീലനക്കളരി ശ്രദ്ധേയം. കുട്ടികൾക്ക് ഫയർസേഫ്റ്റി വിഷയങ്ങളിൽ പ്രാഥമികവിവരം നൽകാനും തീപിടിത്തമുണ്ടാവുമ്പോൾ സ്വയംരക്ഷ നേടാനുമുള്ള വഴികൾ പഠിപ്പിക്കുവാനുമാണ് പരിപാടി. ഇവിടെ പരിശീലനം പൂർത്തിയാക്കിയ ആയിരത്തിലേറെ കുട്ടികൾക്ക് ഫോട്ടോ പതിച്ച 'ഫ്യുച്ചർ ഫയർ ഫൈറ്റർ' കാർഡ് നൽകിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. മലയാളി കുട്ടികളും ഇവിടെ പരിശീലനം നേടുന്നു.
സൗദി ആറാംകോയുടെ ഫയർഫൈറ്റേഴ്സിന് കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച 15 സൗദി യുവതികളായ ട്രെയിനർമാരാണ് കുട്ടികളെ ബോധവത്കരിക്കുന്നത്. തീപിടിത്തമുണ്ടാവുമ്പോൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് ഫയർസേഫ്റ്റി ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശീലനം.
കുട്ടികൾക്ക് ഫോട്ടോ പതിച്ച 'ഭാവിയിലെ ഫയർ ഫൈറ്റർ' എന്ന് രേഖപ്പെടുത്തിയ 'ഡെമോ ലൈസൻസ് കാർഡും' പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. ഇതു കുട്ടി കൾക്ക് വലിയ പ്രചോദനമാകുന്നുണ്ടെന്ന് രക്ഷിതാവ് തിരുവനന്തപുരം മണ്ടേല സ്വദേശി മുഹമ്മദ് ഷാഫി 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. ഇദ്ദേഹത്തിെൻറ രണ്ടു പെൺമക്കൾക്കും 'ഫയർ ഫൈറ്റർ കാർഡ്' ലഭിച്ചു.
അഗ്നി വരുത്തുന്ന ദുരന്തങ്ങളുടെ വ്യാപ്തിയും തീയണക്കാൻ വേണ്ടിയുള്ള നൂതന സംവിധാനങ്ങളെ കുറിച്ചെല്ലാം അവബോധം നൽകാൻ 'ലൈറ്റ് ആൻറ് സൗണ്ട്' സംവിധാനങ്ങളുടെ അകമ്പടിയോടെ ഒരുക്കിയ ദൃശ്യങ്ങളും ചിത്രീകരണങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.
സമർഥരായ അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും പരിശീലനം നേടിയ സൗദി യുവതികളുടെയും പ്രകടനങ്ങൾ കൈയടി നേടുന്നു.
വൈകുന്നേരം അഞ്ച് മുതൽ ആരംഭിക്കുന്ന പ്രദർശനം കാണാൻ കുടുംബങ്ങളോടൊത്ത് മാത്രമേ അധികൃതർ അനുവാദം നൽകുന്നുള്ളു. മെയ് ഒമ്പതിന് എക്സിബിഷൻ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
