എഴുത്തുകാരൻ പി.ജെ.ജെ ആൻറണി സൗദിയോട് വിടപറഞ്ഞു
text_fieldsജുബൈൽ: പ്രമുഖ കഥാകൃത്തും പ്രവാസസാഹിത്യത്തിലെ കാരണവരുമായ പി.ജെ.ജെ ആൻറണി സൗദിയോട് വിടപറഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഇൗ ആലപ്പുഴ സ്വദേശി പ്രഭാഷണങ്ങളും ശിൽപശാല അധ്യാപകനുമായി പ്രവാസി സാഹിത്യ, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. 27 വർഷം നീണ്ട സൗദിയിലെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ടാണ് മടങ്ങിയത്.
ഗൾഫെഴുത്തുകാരിൽ മലയാളി സാഹിത്യ മുഖ്യധാര ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഇൗ എഴുത്തുകാരൻ വലിയൊരു വായനാവൃന്ദത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിെൻറ അസാധാരണമായ സാഹചര്യങ്ങളെ ആഴത്തിൽ മനസിലാക്കുകയും കഥയിലേക്ക് സന്നിവേശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്വാതന്ത്ര്യം, ലൈംഗികത, രാഷ്ട്രീയം, ആത്മീയത, മാനുഷിക മൂല്യങ്ങൾ ഇവയെല്ലാം പുത്തൻ ഭാവുകത്തിൽ കഥകളിൽ കോറിയിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയവും പൗരോഹിത്യവും ജീവിതത്തെ എത്രമേൽ സ്വാധീനിക്കുകയും ചൂഷണവിധേയമാക്കുകയും ചെയ്യുന്നുവെന്ന് കഥകളിലൂടെ അദ്ദേഹം വിമർശനവിധേയമാക്കി.
ആത്മശാന്തി തേടിയെത്തുന്ന യുവതി പുരോഹിതനാൽ വഞ്ചിക്കപെടുന്നതും കോമയിൽ കഴിഞ്ഞ രോഗിയെ നഴ്സ് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതും നേതാക്കളാൽ ചതിക്കപെട്ട പ്രവർത്തകൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതുമൊക്കെ മലയാളി ഇതുവരെ ദർശിച്ചിട്ടില്ലാത്ത തലങ്ങളിൽ അദ്ദേഹം കഥയാക്കി. ‘സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുമ്പോൾ’ മുതൽ ‘തിമോത്തി വാംബായുടെ പൂമരങ്ങൾ’ വരെ വായനക്കാരുടെ ശ്രദ്ധപിടിച്ചെടുത്ത നിരവധി ചെറുകഥകൾ അദ്ദേഹത്തിെൻറ തൂലികയിൽ നിന്ന് പിറവികൊണ്ടു. ‘വാഗാ പോയിൻറ്’ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്. ഡി.സി ബുക്സ്, മാതൃഭൂമി എന്നിവയാണ് അദ്ദേഹത്തിെൻറ കഥസമാഹാരങ്ങൾ പുറത്തിറക്കിയത്. ‘വരുവിൻ നമുക്ക് പാപം ചെയ്യാം’ എന്ന കഥാസമാഹാരം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയും പ്രസിദ്ധീകരിച്ചു. മൂന്ന് കഥകൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. ഗലേറിയ അവാർഡ്, ടി.വി കൊച്ചുവാവ അവാർഡ്, കൈരളി കഥാപുരസ്കാരം, പൊൻകുന്നം വർക്കി കഥാപുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ തേടിയെത്തി. ഇംഗ്ലീഷിലൊരു നോവൽ പണിപ്പുരയിലാണ്.
ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ ജെയിംസ് -മറിയാമ്മ ദമ്പതികളുടെ മകനായി 1952ൽ ജനിച്ചു. ലിയോ തേർട്ടീന്ത് സ്‌കൂൾ, ഡെൽഹി സർവകലാശാല എന്നിവിടങ്ങളിൽ പഠനം. ദുബൈയിൽ പ്രവാസത്തിന് തുടക്കം. 1991ൽ സൗദിയിലെത്തിയ അദ്ദേഹം ജുബൈലിലെ എ.വൈ.ടി.ബി കമ്പനി സീനിയർ അഡ്മിനിസ്ട്രേറ്റർ ആയാണ് വിരമിച്ചത്. ഭാര്യ: ജെസി. മക്കൾ: വിനീത, വസന്ത്, ആനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
