Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്ത് പ്രതി ഇനി മക്കയിൽ

text_fields
bookmark_border
ഗിന്നസ് റെക്കോഡുമായി ഹിറ കൾചറൽ ഡിസ്ട്രിക്റ്റ്
ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്ത് പ്രതി ഇനി മക്കയിൽ
cancel
camera_alt

മക്ക ഹിറ കൾചറൽ ഡിസ്ട്രിക്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പ്രതിയുടെ കോപ്പി 

Listen to this Article

മക്ക: ഇസ്‍ലാമിക ചരിത്രത്തി​ന്റെയും കലയുടെയും മകുടോദാഹരണമായി ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്തുപ്രതി മക്കയിലെ ഹിറ കൾചറൽ ഡിസ്ട്രിക്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പ്രദർശിപ്പിച്ച മ്യൂസിയം എന്ന ഗിന്നസ് വേൾഡ് റെക്കോഡ് അംഗീകാരവും ഇതിലൂടെ ഹിറ കൾചറൽ ഡിസ്ട്രിക്റ്റ് സ്വന്തമാക്കി.

ഹിജ്റ 10ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ ഒരു ഖുർആൻ പ്രതിയുടെ മാഗ്​നിഫൈഡ് പുനർനിർമാണമാണ് ഈ വിസ്മയ കാഴ്ച. യഥാർഥ പകർപ്പിന് 312 x 220 സെൻറിമീറ്റർ വലിപ്പവും 700 പേജുകളുമാണുള്ളത്. ഖുർആനിലെ അധ്യായങ്ങൾ മനോഹരമായ ‘സുലുസ്’ ലിപിയിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ ‘സൂറ അൽ-ഫാത്തിഹ’ എഴുതിയിരിക്കുന്നത് ‘നസ്ഖ്’ ലിപിയിലും.

സ്വർണ വർണത്തിലുള്ള അലങ്കാരങ്ങൾ, സൂര്യാകൃതിയിലുള്ള പ്രത്യേക രൂപങ്ങൾ, മുൻഭാഗത്തെ സങ്കീർണമായ ഡിസൈനുകൾ എന്നിവ ആ കാലഘട്ടത്തിലെ ഇസ്‍ലാമിക കലയുടെ ഔന്നത്യം വിളിച്ചോതുന്നു. ഹിജ്റ 1300-ൽ (എ.ഡി. 1883) വഖ്ഫ് ആയി നൽകപ്പെട്ടതാണ് ഈ കൈയെഴുത്തുപ്രതി. ഇതി​ന്റെ യഥാർഥ പതിപ്പ് നിലവിൽ മദീനയിലെ കിങ്​ അബ്​ദുൽ അസീസ് കോംപ്ലക്സ് ഫോർ എൻഡോവ്മെൻറ്​ ലൈബ്രറിയിൽ അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്നു.

നൂറ്റാണ്ടുകളായി മുസ്​ലിം ലോകം ഖുർആനോട് പുലർത്തുന്ന ആദരവിന്റെയും ഇസ്‍ലാമിക കാലിഗ്രാഫിയുടെയും നിത്യസ്മാരകമായി ഈ പ്രദർശനം മാറിയിരിക്കുകയാണ്. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരും വിനോദസഞ്ചാരികളും ഈ അദ്ഭുതക്കാഴ്ച കാണാനായി മക്കയിലെ ഹിറ മ്യൂസിയത്തിലേക്ക് ഒഴുകിയെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World's largest manuscript of Quran now in Mecca
Next Story