ലോക റെക്കോഡിട്ട് സൗദി റെഡ് ക്രസന്റ്
text_fields‘സേവിങ് എ സോൾ’ ബോധവത്കരണ കാമ്പയിന് സൗദി റെഡ് ക്രസന്റ് അതോറിറ്റിക്ക് ഗിന്നസ് വേൾഡ് റെക്കോഡ് കൈമാറുന്നു
യാംബു: സൗദി റെഡ് ക്രസന്റ് അതോറിറ്റി സംഘടിപ്പിച്ച 'സേവിങ് എ സോൾ' (ഒരു ജീവൻ രക്ഷിക്കുക) ബോധവത്കരണ കാമ്പയിന് ഗിന്നസ് ലോക റെക്കോഡ്. പ്രഥമശുശ്രൂഷയെയും 'ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററുകൾ' (എ.ഇ.ഡി) ഉപയോഗിക്കുന്നതിനെയുംകുറിച്ച് പഠിക്കാൻ 9,836 പേർ 24 മണിക്കൂറിനുള്ളിൽ സന്നദ്ധരായി മുന്നോട്ടുവന്നതിനാണ് ലോക റെക്കോഡ്. കാമ്പയിൻ ആരംഭിച്ച് ഒരുദിവസം പൂർത്തിയാകുമ്പോഴേക്കും 9,000ലധികം ആളുകൾ വളരെ താല്പര്യപൂർവം ഓൺലൈനിൽ സൈൻഅപ് ചെയ്തതാണ് ആഗോളതലത്തിൽ ശ്രദ്ധേയമായതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ് മേഖലയിലാണ് കാമ്പയിന് തുടക്കം കുറിച്ചതെന്നും പ്രഥമശുശ്രൂഷയും എ.ഇ.ഡി ഉപകരണം ഉപയോഗിക്കുന്ന രീതിയും മനസ്സിലാക്കാനും സന്നദ്ധരായ നിരവധി പേരാണ് കാമ്പയിനുമായി ബന്ധപ്പെട്ട് രംഗത്തുവന്നതെന്നും ഇത് രാജ്യത്തിന് ഏറെ അഭിമാനം നൽകുന്നതാണെന്നും സൗദി റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുൽ അസീസ് അൽസുവൈൻ പറഞ്ഞു.
എ.ഇ.ഡി ജീവൻരക്ഷ മെഷീൻ പെട്ടെന്ന് ഹൃദയസ്തംഭനം നേരിടുന്ന ആളുകളെ ചികിത്സിക്കുന്നതിനായി നൂതന രീതിയിൽ രൂപകൽപന ചെയ്ത ജീവൻരക്ഷ ഉപകരണമാണ്. ഹൃദയമിടിപ്പ് പെട്ടെന്ന് അപ്രതീക്ഷിതമായി നിലക്കുന്ന രോഗാവസ്ഥയിൽ ഏറെ സഹായകരമാണ് ഉപകരണം. പുതുതലമുറ ജീവൻരക്ഷ കാമ്പയിന് വർധിച്ച പിന്തുണ നൽകിയതും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രംഗത്തുവരുന്നതും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് റെഡ് ക്രസന്റ് വക്താവ് ചൂണ്ടിക്കാട്ടി.
താമസക്കാരുടെ ജീവൻ രക്ഷിക്കാൻ നിരവധി പൊതുസ്ഥലങ്ങളിൽ അതോറിറ്റി 'ഡീഫിബ്രില്ലേറ്ററുകൾ' (ഹൃദയസംബന്ധമായ ചികിത്സക്കുള്ള ഉപകരണം) സ്ഥാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളെ ആകർഷിക്കുന്നതിൽ കാമ്പയിൻ വിജയം നേടിയതാണ് ലോകശ്രദ്ധയിൽപെട്ടത്. ഇതുവഴി സൗദി ഭരണകൂടവും പൊതുസമൂഹവും ഇച്ഛാശക്തിയോടെ ജീവകാരുണ്യ സുരക്ഷ നടപടികളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത് മാതൃകപരമാണെന്ന് ഗിന്നസ് റെക്കോഡ് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

