ലോക അവയവദാന ദിനം; 48 മണിക്കൂറിനുള്ളിൽ 10 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി ലോക റെക്കോഡ്
text_fieldsറിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ (കെ.എഫ്.എസ്.എച്ച്.ആർ.സി)
റിയാദ്: അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ആഗസ്റ്റ് 13 ന് ആചരിക്കുന്ന ലോക അവയവദാന ദിനത്തോടനുബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ 10 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി ലോക റെക്കോഡ് നേടിയിരിക്കുകയാണ് റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ (കെ.എഫ്.എസ്.എച്ച്.ആർ.സി). 'തുടർച്ചയായി രണ്ടു ദിവസങ്ങളിലായി കെ.എഫ്.എസ്.എച്ച്.ആർ.സി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ആഗോള റെക്കോഡ് സൃഷ്ടിച്ചു.
വൃക്ക, പാൻക്രിയാസ് ട്രാൻസ്പ്ലാൻറ് വിഭാഗത്തിലെ ഡോ. ഖാലിദ് അൽമാശരി, ഡോ. താരിഖ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച സംഘത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഭവിച്ചത്.' ആശുപത്രിയിലെ അവയവ മാറ്റിവെക്കൽ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇഹാബ് അബുഫർഹാൻ പറഞ്ഞു. ഒരൊറ്റ കേന്ദ്രത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നടത്തിയ ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ എന്ന റെക്കോഡാണ് ഈ നേട്ടം.
അവയവ മാറ്റിവെക്കലിൽ ആഗോള സ്ഥാനം എന്ന നിലയിൽ ആശുപത്രിയുടെ സ്ഥാനം ഈ സംഭവം ശക്തിപ്പെടുത്തുന്നു. ഉയർന്ന ക്ലിനിക്കൽ സന്നദ്ധത, മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമുകളുടെ സുഗമമായ ഏകോപനം, ദാതാവ്-സ്വീകർത്താവ് പൊരുത്തപ്പെടുത്തൽ കൈകാര്യം ചെയ്യുന്നതിനുള്ള നൂതന സംവിധാനങ്ങൾ, സങ്കീർണ്ണമായ ട്രാൻസ്പ്ലാൻറ് നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലെ വിപുലമായ അനുഭവം എന്നിവയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡോ. ഇഹാബ് അബുഫർഹാൻ അഭിപ്രായപ്പെട്ടു.
1981 ൽ അവയവ മാറ്റിവക്കൽ പരിപാടി ആരംഭിച്ചതിനുശേഷം 5,000-ത്തിലധികം വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയകൾ ആശുപത്രിയിൽ വിജയകരമായി നടത്തി. 2011 ൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം കഴിഞ്ഞ വർഷം 500-ാമത്തെ ട്രാൻസ്പ്ലാൻറ് പൂർത്തിയാക്കിയതോടെ കെ.എഫ്.എസ്.എച്ച്.ആർ.സി മറ്റൊരു നാഴികക്കല്ല് ആഘോഷിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം 80 കുട്ടികളിലുള്ള വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടത്തി.
ഈ മേഖലയിൽ 2023 ലും 2024 ലും മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും ലോകത്തിലെ ഏറ്റവും മികച്ച 250 അക്കാദമിക് മെഡിക്കൽ സെന്ററുകളുടെ പട്ടികയിൽ ആഗോളതലത്തിൽ 15-ാം സ്ഥാനത്തുമായിരുന്നു ആശുപത്രി. കഴിഞ്ഞ വർഷം ബ്രാൻഡ് ഫിനാൻസ് റാങ്കിംഗിൽ രാജ്യത്തിലെയും മിഡിലീസ്റ്റിലെയും ഏറ്റവും മൂല്യവത്തായ ആരോഗ്യ സംരക്ഷണ ബ്രാൻഡായും സ്ഥാപനം അംഗീകരിക്കപ്പെട്ടു. 2024 ൽ ലോകത്തിലെ ഏറ്റവും മികച്ച 250 ആശുപത്രികളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ടു. കൂടാതെ ന്യൂസ് വീക്ക് മാസികയുടെ 2025 ലെ മികച്ച സ്മാർട്ട് ആശുപത്രികളുടെ പട്ടികയിലും സ്ഥാപനം ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

