ലോക ഒലിവ് വൃക്ഷദിനം; സൗദിയിൽ ഒലിവ് ഉൽപാദനം 3,51,000 ടണ്ണായി ഉയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഒലിവ് ഉൽപാദനം 3,51,000 ടണ്ണായി ഉയർന്നു. വിവിധ പ്രദേശങ്ങളിൽ ഒലിവിന്റെ കൃഷി വിസ്തൃതി വ്യാപിച്ചതിനൊപ്പമാണ് ഈ നേട്ടം ഉണ്ടായതെന്നും 1.8 കോടിയിലധികം ഫലം കായ്ക്കുന്ന മരങ്ങൾ ഉൾപ്പെടെ ആകെ ഒലിവ് മരങ്ങളുടെ എണ്ണം ഏകദേശം 2.15 കോടിയിൽ എത്തിയതായും നവംബർ 26ലെ ലോക ഒലിവ് വൃക്ഷ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലെ ഒലിവ് തോട്ടങ്ങൾ
ദേശീയ കാർഷിക പദ്ധതിയുടെയും ദർശനത്തിന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ പിന്തുണക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ഈ വിള ഒരു വാഗ്ദാന സ്തംഭമാണെന്ന് മന്ത്രാലയം പറഞ്ഞു. സുസ്ഥിര കാർഷിക രീതികളുടെ പ്രയോഗത്തിലൂടെയും ആധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യതയിലൂടെയും വിസ്തൃതിയിലും ഉൽപാദനത്തിലും മുൻനിര ഒലിവ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിയിരിക്കുന്നു. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മൂല്യവർധിത വ്യവസായങ്ങളുടെ വികസനത്തിനും കാരണമായി. ഉൽപാദന ശൃംഖലയുടെ സംയോജനവും മേഖലയുടെ കാര്യക്ഷമതയും വർധിപ്പിച്ചതായും മന്ത്രാലയം പറഞ്ഞു. ഒലിവ് ഉൽപാദനത്തിൽ സൗദിയിലെ പ്രദേശങ്ങളിൽ മുന്നിൽ അൽജൗഫ് മേഖലയാണ്.
ഏകദേശം 2,90,000 ടൺ. ഏകദേശം 1.8 കോടി മരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 1.5 കോടിയിലധികം ഫലങ്ങൾ കായ്ക്കുന്നവയാണ്. 19,500 ടൺ ഉൽപാദനവും 8,96,000ൽ അധികം മരങ്ങളുമുള്ള ഹാഇൽ തൊട്ടുപിന്നിലുണ്ട്. തബൂക്കിൽ 18,700 ടണ്ണിലധികം ഒലിവ് ഉൽപാദനം രേഖപ്പെടുത്തി. അവിടെ 10 ലക്ഷത്തിലധികം ഒലിവ് മരങ്ങളുണ്ട്. ഖസീം പ്രവിശ്യയിൽ ഏകദേശം 18,000 ടൺ ഒലീവ് ഉൽപാദിപ്പിച്ചു. 8,60,000 മരങ്ങൾ കൃഷി ചെയ്തു. ശേഷിക്കുന്ന പ്രദേശങ്ങളിൽ ഉൽപാദന അളവ് വ്യത്യസ്തമാണ്.
കാര്യക്ഷമമായ ജലവിനിയോഗം, ഫലപ്രദമായ ഭൂവിനിയോഗം, ആധുനിക ഉൽപാദന രീതികളെ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെ സംഘടിത വ്യാപനം എന്നിവയാണ് സൗദിയിലെ ഒലിവ് കൃഷിയുടെ സവിശേഷതയെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഒലിവും അതിന്റെ ഓയിലും കഴിക്കുന്നതിന്റെ ആരോഗ്യപരവും ചികിത്സാപരവുമായ ഗുണങ്ങൾ കാരണം ഒലിവ് ഒരു പ്രധാന ഭക്ഷ്യഘടകമാണ്. സുസ്ഥിര വികസനത്തിൽ ഒലിവ് മരത്തിന്റെ പങ്ക്, സമാധാനവുമായുള്ള അതിന്റെ പ്രതീകാത്മക ബന്ധം, മെഡിറ്ററേനിയൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന ആഴത്തിലുള്ള വേരുകൾ എന്നിവയെ അംഗീകരിച്ചുകൊണ്ട് 2019ലാണ് യുനെസ്കോ ലോക ഒലിവ് മരദിനം നിശ്ചയിച്ചതെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

