ഇഫ്താർ സംഗമവും വനിത ദിനാഘോഷവും സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
text_fieldsഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ.ടി. അബൂബക്കർ
റമദാൻ സന്ദേശം നൽകുന്നു
ജിദ്ദ: 167 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ അംഗങ്ങളെയും വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി വിപുലമായ ഇഫ്താർ സംഗമവും വനിത ദിനാഘോഷവും സംഘടിപ്പിച്ചു.
അറേബ്യൻ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന അലങ്കാരങ്ങളിലും വൈദ്യുതി വിളക്കുകളുടെ വർണാഭമായ ശോഭയിലും അലങ്കരിച്ച ഇഫ്താർ ഹാൾ വിരുന്നിൽ പങ്കെടുത്തവരുടെ മനം കവർന്നു.
വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ കെ.ടി. അബൂബക്കർ റമദാൻ സന്ദേശം നൽകി. എല്ലാ മതവിഭാഗങ്ങളിൽപെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമൂഹ ഇഫ്താർ സംഗമങ്ങൾ ജനങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന് ഏറെ സഹായകരമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും, വിശിഷ്യ ജനങ്ങളുടെ സമാധാന ജീവിതത്തിനും പരസ്പര ഐക്യത്തിനും എന്നും പേരുകേട്ട കേരളത്തിലും വർത്തമാനകാലത്തു നടന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും ആശങ്കാജനകമാണെന്നും സർക്കാറുകൾ മുൻകൈയെടുത്ത് ഇതിനെല്ലാം ഒരു അറുതി വരുത്തേണ്ടതുണ്ടെന്നും കെ.ടി. അബൂബക്കർ കൂട്ടിച്ചേർത്തു. പ്രസിഡന്റ് മോഹൻ ബാലൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കൗൺസിൽ രക്ഷാധികാരി മിർസ ഷരീഫ് ആശംസ നേർന്നു.
സംഗമത്തിൽ നടന്ന വനിത ദിനാഘോഷ ചടങ്ങിൽ ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ അംഗങ്ങളായ എഴുത്തുകാരി റജിയ വീരാനെയും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ രണ്ട് ദശകത്തിലേറെയായി അധ്യാപനം നടത്തുന്ന പ്യാരി മിർസ ഷരീഫിനെയും ചടങ്ങിൽ ആദരിച്ചു. റജിയ വീരാനെ കുറിച്ചുള്ള വിവരണം വിമൻസ് ഫോറം കൺവീനർ സോഫിയ ബഷീറും പ്യാരി മിർസയുടെ പ്രഫൈൽ വൈസ് പ്രസിഡന്റ് ഡോ. വിനിത പിള്ളയും അവതരിപ്പിച്ചു.
പ്രസിഡന്റ് മോഹൻ ബാലൻ പ്യാരി മിർസക്കും രക്ഷാധികാരി മിർസ ഷരീഫ് റജിയ വീരാനും പുരസ്കാരങ്ങൾ കൈമാറി. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ സുഷീല ജോസഫ് നന്ദിയും പറഞ്ഞു. ബഷീർ പരുത്തികുന്നൻ, മനോജ് മാത്യു, ജോസഫ് വർഗീസ്, സജി കുര്യാക്കോസ്, ശിവാനന്ദൻ, ഷാനവാസ്, നൗഷാദ് കാളികാവ്, ഷിബു ചാലക്കുടി, പ്രവീൺ എടക്കാട്, വർഗീസ് ഡാനിയേൽ, വിലാസ് കുറുപ്പ്, എബി കെ. ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

