ചെങ്കടൽ ടൂറിസം കേന്ദ്രത്തിൽ അവധിയാഘോഷിച്ച് ലോക ഫുട്ബാൾ താരങ്ങൾ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയും സഹതാരങ്ങളും ചെങ്കടൽ ടൂറിസം കേന്ദ്രം സന്ദർശിച്ചപ്പോൾ
തബൂക്ക്: ചെങ്കടൽ വികസനപദ്ധതിക്ക് കീഴിലൊരുങ്ങുന്ന വിനോദ സഞ്ചാരകേന്ദ്രം ലോക ഫുട്ബാൾ താരങ്ങളുടെ അവധിക്കാല ആഘോഷ കേന്ദ്രമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫാബിനോ തവാരസ്, റോജർ ഇബാനസ്, റോബർട്ടോ ഫിർമിനോ എന്നിവർ കുടുംബങ്ങൾക്കൊപ്പമാണ് ചെങ്കടൽ തീരത്ത് അവധിക്കാലമാഘോഷിക്കാനെത്തിയത്. വിവിധ ജല കായിക വിനോദങ്ങളിൽ മുഴുകി. ലഭ്യമായ പ്രകൃതി സൗന്ദര്യവും വിനോദ സൗകര്യങ്ങളും പരമാവധി അവർ ആസ്വദിച്ചു. റെഡ് സീ ഇൻറർനാഷനൽ ചീഫ് അഡ്മിനിസ്ട്രേറ്റർ എൻജി. അഹ്മദ് ഗാസി ദാർവിഷിനൊപ്പം താരങ്ങൾ ചെങ്കടൽ ടൂറിസം പദ്ധതിയിലെ എല്ലാ ദ്വീപുകളും വിമാനമാർഗം സന്ദർശിച്ചു. ഇത് അന്താരാഷ്ട്ര കളിക്കാർക്ക് അതിശയകരമായ അനുഭവം പകർന്നു.
പ്രമുഖ അന്താരാഷ്ട്ര കളിക്കാർ ‘ചെങ്കടൽ’ ലക്ഷ്യസ്ഥാനം അവധിക്കാലം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് സൗദിയിലെ ടൂറിസത്തിന്റെ മികവാണ് പ്രതിഫലിപ്പിക്കുന്നത്. ആഡംബരവും പ്രകൃതി സംരക്ഷണവും എന്ന ആശയം കൈകോർത്ത് സന്ദർശകരുടെ അഭിരുചികൾ നിറവേറ്റുന്ന അനുഭവങ്ങളും വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാണ് ചെങ്കടൽ ലക്ഷ്യസ്ഥാനം. ഇത് വിനോദസഞ്ചാരത്തെ അവിസ്മരണീയ അനുഭവമാക്കുന്നു. കരയിലും കടലിലുമുള്ള അത്ഭുതകരമായ താമസ അനുഭവങ്ങൾക്കും ആവേശകരമായ പ്രവർത്തനങ്ങൾക്കും ഇടയിൽ ലോകമെമ്പാടുമുള്ള സന്ദർശകരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാനുള്ള ചെങ്കടൽ ലക്ഷ്യസ്ഥാനത്തിന്റെ സന്നദ്ധത പ്രതിഫലിപ്പിക്കുന്നതുമാണ്.

