ലോക പ്രതിരോധ പ്രദർശനം ഇന്ന് സമാപിക്കും, ശ്രദ്ധേയമായി സൗദി വനിതാസൈനികരുടെ പ്രത്യേക പവലിയൻ
text_fieldsറിയാദ്: രാജ്യത്തിന്റെ സുരക്ഷാ-പ്രതിരോധ മേഖലകളിൽ സൗദി വനിതകൾ കൈവരിച്ച വിപ്ലവകരമായ മുന്നേറ്റം വിളിച്ചോതി ലോക പ്രതിരോധ പ്രദർശനത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയൻ. റിയാദിൽ നടക്കുന്ന പ്രദർശനത്തിൽ, സുരക്ഷാസേനയുടെ ഭാഗമായി സ്ത്രീകൾ നടത്തുന്ന സേവനങ്ങളും അവരുടെ കരുത്തും വ്യക്തമാക്കുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
സുരക്ഷാ പ്രവർത്തനങ്ങൾ, കമ്യൂനിറ്റി-ഫാമിലി മെഡിസിൻ, അന്തർദേശീയ പ്രദർശനങ്ങളുടെ ഏകോപനം തുടങ്ങി വിവിധ മേഖലകളിൽ സൗദി യുവതികൾ വഹിക്കുന്ന സുപ്രധാന പങ്കിനെ പവലിയൻ അടയാളപ്പെടുത്തുന്നു. രാജ്യത്തിന്റെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന വനിതാ സാന്നിധ്യം ആഗോള ശ്രദ്ധ നേടുകയാണ്.
ഹജ്ജ്, ഉംറ തീർഥാടകരുടെ സേവന രംഗത്ത് സൗദി വനിതകളുടെ സംഭാവനകൾ നിസ്തുലമാണ്. തിരക്ക് നിയന്ത്രിക്കുന്നതിലും നിരീക്ഷണത്തിലും വനിത സുരക്ഷാഭടന്മാർ പുലർത്തുന്ന മികവ് ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ആശയവിനിമയ സഹായം നൽകുന്നതിലും സുരക്ഷാ നടപടികളും ഗതാഗത നിയന്ത്രണവും കാര്യക്ഷമമാക്കുന്നതിലും വനിതകൾ വലിയ മികവാണ് പുലർത്തുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയാൻ ശാസ്ത്രീയമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് അവലംബിക്കുന്നത്. ഡാറ്റാ വിശകലനത്തിലൂടെ സുരക്ഷാനടപടിക്രമങ്ങൾ പരിഷ്കരിക്കുന്നു.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ഏകീകൃത സുരക്ഷാ ഓപ്പറേഷൻ സെൻററുകളിൽ (911) അടിയന്തര റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിലും പ്രതിസന്ധികൾ പരിഹരിക്കുന്നതിലും വനിതാ ഉദ്യോഗസ്ഥർ മികവ് പുലർത്തുന്നു. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള മൽഹമിലെ എക്‌സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച രാത്രി സമാപിക്കും. വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തിെൻറ സുരക്ഷാ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

