ലോകോത്തര വിനോദസഞ്ചാര കേന്ദ്രം ഇനി റിയാദിലും
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിനും ഇനി സ്വന്തമായി ഒരു ലോകോത്തര വിനോദസഞ്ചാര കേന്ദ്രം. സമ്പൂർണമായും ഒരു കലാകായിക വിനോദ നഗരമെന്ന നിലയിൽ നിർമാണം പൂർത്തിയാവുന്ന ‘ഖിദ്ദിയ സിറ്റി’ക്ക് കീഴിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമായ ‘സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി’ തീം പാർക്ക് ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും. വടക്കേ അമേരിക്കക്ക് പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെടുന്ന സിക്സ് ഫ്ലാഗ്സ് തീം പാർക്കാണിത്. റിയാദ് നഗരത്തിൽനിന്ന് ഏകദേശം 40 മിനിറ്റ് ദൂരത്തിൽ പ്രകൃതിരമണീയമായ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണിത്.
പാർക്കിൽ 28 ലോകോത്തര നിലവാരമുള്ള റൈഡുകളും വിനോദാനുഭവങ്ങളും ഉണ്ടാകും. ഇവയിൽ റെക്കോഡുകൾ തകർക്കുന്ന റോളർ കോസ്റ്ററുകളും ഉൾപ്പെടുന്നു. ഇതിനുപുറമെ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം രൂപകൽപന ചെയ്ത 18 റൈഡുകൾകൂടി ഒരുക്കുന്നുണ്ട്. ആവേശകരമായ വിനോദത്തിനൊപ്പം സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര വിനോദാനുഭവമാണ് ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.
ആറ് വ്യത്യസ്ത തീം ഏരിയകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ആകർഷണങ്ങൾ ഒരു വലിയ കോട്ടയെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. മുതിർന്നവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിങ്ങനെ വിവിധ വിഭാഗക്കാർക്കായി വിത്യസ്ത നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. മുതിർന്നവർക്കുള്ള പ്രവേശന ടിക്കറ്റിന് 325 സൗദി റിയാൽ മുതലും കുട്ടികൾക്കുള്ള ടിക്കറ്റിന് 275 സൗദി റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്.
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും അവരുടെ സഹായികൾക്കും പ്രത്യേക കിഴിവുണ്ട്. ഈ ടിക്കറ്റുകൾ 75 സൗദി റിയാലിൽ ആരംഭിക്കും. ഇത് ഓൺലൈനിലൂടെ വാങ്ങാനാവില്ല. പാർക്കിലെ നിർദിഷ്ട കൗണ്ടറുകളിൽനിന്ന് നേരിട്ട് വാങ്ങാനെ കഴിയൂ. റൈഡുകളിൽ വേഗത്തിൽ പ്രവേശനം നേടുന്നതിനായി ‘ഗോഫാസ്റ്റ്’ സേവനവും അധികമായി തെരഞ്ഞെടുക്കാം. ടിക്കറ്റുകൾ https://sixflagsqiddiyacity.com/en എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
ഈ തീം പാർക്കിന്റെ ആരംഭം വിനോദം, കായികം, സംസ്കാരം എന്നിവക്കായുള്ള ഒരു സമഗ്ര ആഗോള ലക്ഷ്യസ്ഥാനമായി ഖിദ്ദിയ സിറ്റിയെ പരിവർത്തനം ചെയ്യാനുള്ള വിശാലമായ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ്. ഖിദ്ദിയ സിറ്റിയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഒരു ലോകോത്തര ഗെയിമിങ്, ഇ-സ്പോർട്സ് കേന്ദ്രം, മൾട്ടി പർപ്പസ് സ്റ്റേഡിയം, ഗോൾഫ് കോഴ്സുകൾ, റേസ് ട്രാക്ക് ഉൾപ്പെടുന്ന മോട്ടോർ സ്പോർട്സ് ഏരിയ, മേഖലയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് തുടങ്ങിയ നൂറുകണക്കിന് മറ്റ് ആകർഷണങ്ങളും അനുഭവങ്ങളും സന്ദർശകർക്ക് ലഭിക്കും. ലോകനിലവാരമുള്ള ജീവിതാനുഭവം പ്രദാനം ചെയ്യുന്ന സൗദി അറേബ്യയുടെ ഈ വലിയ പദ്ധതിക്ക് തുടക്കം കുറിക്കുന്ന പ്രധാന നാഴികക്കല്ലാണ് സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയുടെ ഉദ്ഘാടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

