ലോക പുസ്തക ദിനം ഇന്ന്; ഗൾഫ് മലയാളികളുടെ സാഹിത്യ മുന്നേറ്റങ്ങൾ
text_fieldsറിയാദ്: ലോക പുസ്തക ദിനത്തിൽ ഗൾഫ് മലയാളികളുടെ സാഹിത്യ സാംസ്കാരിക മുന്നേറ്റങ്ങൾ ശ്രദ്ധേയമാകുന്നു. ഓരോ പ്രവാസിയെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ കേവലം വായനാസാമഗ്രികളല്ല, മറിച്ച് ഏകാന്തതയിലെ കൂട്ടിനും ജന്മനാട്ടിലേക്കുള്ള ഓർമപ്പാലവുമാണ്. മണലാരണ്യത്തിലെ ആദ്യകാലങ്ങളിൽ നാട്ടിൽ നിന്നുള്ള കത്തുകളും അപൂർവ്വമായി ലഭിച്ചിരുന്ന പുസ്തകങ്ങളുമായിരുന്നു പ്രവാസികൾക്ക് ഏക ആശ്വാസമെങ്കിൽ, ഇന്ന് കാലം മാറിയിരിക്കുന്നു. ഗൾഫ് നാടുകൾ കൈവരിക്കുന്ന വികസനക്കുതിപ്പിനൊപ്പം സഞ്ചരിക്കാനും ആ മാറ്റങ്ങളെ സധൈര്യം അക്ഷരങ്ങളിലേക്ക് പകർത്താനും പ്രവാസി മലയാളികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. മലയാള സാഹിത്യത്തിലെ ഏറ്റവും സജീവമായ വിഭാഗമായി ‘പ്രവാസി സാഹിത്യം’ ഇന്ന് മാറിക്കഴിഞ്ഞു. വിരഹവും കഷ്ടപ്പാടും ഗൃഹാതുരതയും മാത്രം പ്രമേയമായിരുന്ന പഴയ രീതിയിൽ നിന്നും ആഗോളതലത്തിലുള്ള വിഷയങ്ങളിലേക്ക് പുതിയ എഴുത്തുകൾ വളർന്നിരിക്കുന്നു. സാങ്കേതികവിദ്യ, ബിസിനസ് മാനേജ്മെന്റ്, സാമൂഹിക സേവന അനുഭവങ്ങൾ, പുതിയ കാലത്തെ വികസന മാതൃകകൾ എന്നിവയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി ശ്രദ്ധേയമായ പുസ്തകങ്ങളാണ് പ്രവാസികൾ പ്രസിദ്ധീകരിക്കുന്നത്.
ബെന്യാമിെൻറ ‘ആടുജീവിതം’, ബാബു ഭരദ്വാജിെൻറ പ്രവാസി രചനകൾ എന്നിവ ഗൾഫ് പശ്ചാത്തലത്തിൽ ജനിച്ച ക്ലാസിക്കുകളായി ഇന്നും വായനക്കാരുടെ മനസ് കീഴടക്കുന്നു. വി. മുസഫർ അഹമ്മദിെൻറ ‘മരുഭൂമിയുടെ ആത്മകഥ’ പോലുള്ള കൃതികൾ പ്രവാസി സാഹിത്യത്തിന് പുതിയൊരു മാനം നൽകിയപ്പോൾ, അനുഭവങ്ങളെയും സ്ത്രീ ജീവിതങ്ങളെയും അക്ഷരങ്ങളിലാക്കിയ സബീന എം. സാലി ഉൾപ്പെടെയുള്ള എഴുത്തുകാരികളും ശ്രദ്ധേയമായ സാന്നിധ്യമായി. ദുബൈ പോലുള്ള മഹാനഗരങ്ങളിലെ പുതിയ യാഥാർഥ്യങ്ങൾ പകർത്തുന്ന യുവപ്രതിഭകൾ ഗൾഫ് ജീവിതത്തിെൻറ വ്യത്യസ്ത തലങ്ങൾ വായനക്കാരിലെത്തിക്കുന്നുണ്ട്. എൻജിനീയർമാരും ഐടി പ്രഫഷനലുകളും അധ്യാപകരും ബിസിനസുകാരുമെല്ലാം ഔദ്യോഗിക തിരക്കുകൾക്കിടയിലും പുസ്തക രചനയിൽ സജീവമാണ്. നോവലുകൾക്കും കഥകൾക്കും പുറമെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിസിനസ് തന്ത്രങ്ങൾ, ചരിത്രം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലും പ്രവാസി രചനകൾ വർധിച്ചുവരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെയുള്ള ഉന്നത പുരസ്കാരങ്ങൾ ഇന്ന് പ്രവാസി എഴുത്തുകാരെ തേടിയെത്തുന്നത് അവരുടെ കൃതികളുടെ നിലവാരം വിളിച്ചോതുന്നുപുതുതായി കടന്നുവരുന്ന വിദ്യാർഥികളും പ്രവാസി സമൂഹത്തിന് അഭിമാനമാണ്. അന്താരാഷ്ട്ര പുസ്തകോത്സവങ്ങൾ ഗൾഫ് മലയാളികളുടെ സാംസ്കാരിക ഉത്സവങ്ങളായി. മികച്ച പ്രസാധകരെ കണ്ടെത്താനും വായനക്കാരുമായി സംവദിക്കാനും അവസരം നൽകുന്ന ഈ വേദികളിൽ തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുക എന്നത് ഒട്ടുമിക്ക എഴുത്തുകാരുടെയും സ്വപ്നസാക്ഷാത്കാരമാണ്.
സാങ്കേതികവിദ്യയുടെ വളർച്ച പ്രവാസികളുടെ വായനാശീലത്തെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. കിൻഡിലും ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും വഴി നാട്ടിലിറങ്ങുന്ന പുതിയ കൃതികൾ നിമിഷനേരം കൊണ്ട് ഗൾഫിലെ വായനക്കാരിലേക്ക് എത്തുന്നു. യാത്രകളിലും ജോലിസ്ഥലത്തെ ഇടവേളകളിലും അറിവ് നുകരാൻ പുതിയ സാങ്കേതിക സൗകര്യങ്ങൾ പ്രവാസികൾക്ക് തുണയാകുന്നു. ഓരോ പുസ്തകവും പുതിയൊരു ലോകത്തേക്കുള്ള വാതിലാണ്. ലോക പുസ്തക ദിനത്തിൽ, മണലാരണ്യത്തിൽ വിയർപ്പൊഴുക്കുമ്പോഴും അക്ഷരങ്ങളെ നെഞ്ചോട് ചേർക്കുന്ന പ്രവാസി എഴുത്തുകാരെയും വായനക്കാരെയും നമുക്ക് ഓർക്കാം. അനുഭവങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ ഓരോ മലയാളിക്കും ഈ ദിനം വലിയ പ്രചോദനമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

