ലോക ലഹരി വിരുദ്ധദിനം; സൗദിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
text_fieldsറിയാദിലെ നാഇഫ് കോളജ് ഫോർ നാഷനൽ സെക്യൂരിറ്റി സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടിയിൽനിന്ന്
ജിദ്ദ: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26ന് സൗദിയിൽ വിവിധ പരിപാടികൾ നടന്നു. റിയാദിലെ നാഇഫ് കോളജ് ഫോർ നാഷനൽ സെക്യൂരിറ്റി മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ വിവിധ കോഴ്സുകളിലെ 63 ട്രെയിനികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ സഈദ് അൽ ഖർനി പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിൽ രണ്ട് കോടിയിലധികം മയക്കുമരുന്ന് ഗുളികകളും 922 കിലോയിലധികം നിരോധിത വസ്തുക്കളും പിടികൂടിയതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സമീപകാല മയക്കുമരുന്ന് വേട്ടയിൽ യമനിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം മെത്താംഫെറ്റമിൻ ഗുളികകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബോധവത്കരണ പരിപാടികൾ നടന്നതായി അധികൃതർ അറിയിച്ചു. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി റിയാദ്, അസീർ മേഖലകളിലെ പരിപാടികൾ ശനിയാഴ്ച വരെ നീളുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കള്ളക്കടത്തുകാർ വിവിധ രീതികളിൽ രാജ്യത്തേക്ക് കള്ളക്കടത്ത് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
മയക്കുമരുന്നിനെതിരായ പോരാട്ടം രാജ്യത്തിെൻറ മുൻഗണനകളിലൊന്നായി കാണുന്നുവെന്നും വിവിധ കസ്റ്റംസുകളിലും അതിർത്തിപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കുന്നത് തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷവിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ 1910 ൽ വിളിച്ചു പറയുകയോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടോ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

