മുഖ്യമന്ത്രിയെ കേൾക്കാൻ തൊഴിലാളികളെ കൂലി കൊടുത്ത് എത്തിക്കുന്നു - അഡ്വ. അബ്ദുൽ റഷീദ്
text_fieldsഅഡ്വ. അബ്ദുൽ റഷീദ് ഒ.ഐ.സി.സി നേതാക്കളോടൊപ്പം
റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിൽ സദസ്സ് നിറക്കുന്നത് ക്യാമ്പുകളിൽ നിന്ന് ഉത്തരേന്ത്യൻ തൊഴിലാളികളെ കൂലി കൊടുത്ത് കൊണ്ടുവന്നാണെന്നും രാഷ്ട്രീയ താൽപര്യത്തിനപ്പുറത്ത് സംസ്ഥാനത്തിനോ പ്രവാസികൾക്കോ ഗുണകരമായ ഒന്നും ഈ യാത്ര വഴി സംഭവിക്കാനില്ലെന്നും കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ റഷീദ് പറഞ്ഞു.
റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് തൊഴിലും ആറു മാസത്തെ ശമ്പളവും നൽകാമെന്ന വാഗ്ദാനം അവർ മറന്നിട്ടില്ല. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയോടുള്ള പ്രതിഷേധമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരിപാടികളുമായി യു.ഡി.എഫ് സഹകരിക്കാത്തതെന്നും റഷീദ് പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നിര തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തിയത്. സൗദി അറേബ്യയിൽ ഒ.ഐ.സി.സി കൂടുതൽ സജീവമാകുന്നതിന് യൂത്ത് വിങ്ങിന് രുപം നൽകുന്ന കാര്യം കെ.പി.സി.സിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ കമ്മിറ്റി അംഗം അഷ്കർ കണ്ണൂർ, റിയാദ് കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ് ബാബു, ഹരീന്ദ്രൻ കയറ്റുവള്ളി, മുനീർ ഇരിക്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

