സ്ട്രൈക്കേഴ്സ് റിയാദിന് വനിത കിരീടം
text_fieldsഅറേബ്യൻ വോളി വനിത ട്രോഫി സ്ട്രൈക്കേഴ്സ് റിയാദ് ടീമിന് അറബ്കോ രാമചന്ദ്രൻ സമ്മാനിക്കുന്നു,
റിയാദ്: അൽജസീറ അറേബ്യൻ വോളി വനിത ഫൈനലിൽ ഫിലിപ്പീൻസ് ടീമായ സ്ട്രൈക്കേഴ്സ് റിയാദ് ട്രോഫി കരസ്ഥമാക്കി. ക്വീൻ ഡ്രാഗണായിരുന്നു ഫൈനലിലെ എതിരാളി. ലേഡി ഡ്രാഗണെ പരാജയപ്പെടുത്തി സ്ട്രൈക്കേഴ്സ് റിയാദും നേരിട്ട് ഫൈനലിലേക്ക് അവസരം ലഭിച്ച ക്വീൻ ഡ്രാഗണും തമ്മിലായിരുന്നു കലാശപ്പോരാട്ടം.
എതിരില്ലാതെ രണ്ടു സെറ്റുകളും അനായാസം നേടിയാണ് സ്ട്രൈക്കേഴ്സ് റിയാദ് ട്രോഫിയിൽ മുത്തമിട്ടത്. മികച്ച പ്ലെയർക്കുള്ള ട്രോഫി നേടിയ ബ്രസീലുകാരി ഡയാന ഡിസിൽവയും അറ്റാക്കറായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പീൻസ് താരമായ അക്സ വെൽഡയുമാണ് സ്ട്രൈക്കേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവർക്കും തൻമിയ ചിക്കൻ മാനേജർ മുസ്തഫ കവ്വായി, ഗൾഫ് മാധ്യമം ബിസിനസ് എക്സിക്യൂട്ടിവ് മുനീർ എന്നിവർ സമ്മാനങ്ങൾ നൽകി.
സ്ട്രൈക്കേഴ്സ് ക്യാപ്റ്റനും ടീമംഗങ്ങളും ചേർന്ന് അറബ്കോ രാമചന്ദ്രനിൽനിന്ന് ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് അവാർഡും ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈനിൽനിന്ന് ക്വീൻ ഡ്രാഗൺ ക്യാപ്റ്റൻ സ്വീകരിച്ചു. പുരുഷ, വനിത ഫൈനലിസ്റ്റുകൾക്ക് അബ്ദുല്ല അൽമസ്ഊദി, സലീം മാഹി, മാത്യു ജോസഫ്, സദറുദ്ദീൻ കീഴ്ശ്ശേരി, ഉബൈദ് ഖാൻ, ഇംറാൻ ഹുസൈൻ, ലത്തീഫ് ഓമശ്ശേരി, നജിം കൊച്ചുകലുങ്ക്, ഹിലാൽ ഹുസൈൻ, സൈഗാൻ ഖാൻ, അറബ്കോ രാമചന്ദ്രൻ, ശബീർ അറബ്കോ, ഡോ. അഷ്റഫ്, മുസ്തഫ കവ്വായി, ആരിഫ്, ഫഹദ്, മനോജ് അറബ്കോ തുടങ്ങിയവർ മെഡലുകൾ സമ്മാനിച്ചു.
റണ്ണേഴ്സ് ട്രോഫി ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈനിൽനിന്ന് ക്വീൻ ഡ്രാഗൺ ടീം സ്വീകരിക്കുന്നു