തൊഴിൽരംഗത്തെ സ്ത്രീപങ്കാളിത്തം 37 ശതമാനമായി വർധിച്ചു - സൗദി മാനവവിഭവശേഷി മന്ത്രി
text_fieldsറിയാദിൽ 12ാമത് സോഷ്യൽ ഡയലോഗ് ഫോറം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ
സുലൈമാൻ അൽറാജ്ഹി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: രാജ്യത്തെ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമെത്തിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. 12ാമത് സോഷ്യൽ ഡയലോഗ് ഫോറം റിയാദിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 ലക്ഷം സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നു.
ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അഞ്ചര ലക്ഷത്തിലധികം പൗരന്മാർക്ക് പുതുതായി ജോലി നൽകുകയുണ്ടായി. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട മന്ത്രാലയ തീരുമാനങ്ങളോടും സംവിധാനങ്ങളോടും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പ്രതിബദ്ധത 98 ശതമാനമായി ഉയർന്നു. വേതന സംരക്ഷണ പദ്ധതിയോടുള്ള പ്രതിബദ്ധത 80 ശതമാനവുമായി. 38 ലക്ഷം തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നത് 74 ശതമാനമായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സർക്കാർ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നീ മൂന്ന് ഉൽപാദന വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹിക സംവാദം പ്രോത്സാഹിപ്പിക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്. അവസരങ്ങളിൽ നിക്ഷേപിക്കുന്നതിലും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഫോറം പ്രാധാന്യവും ശ്രദ്ധയും കൊടുക്കേണ്ടതുണ്ട്.
ഇത് ആകർഷകമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ദേശീയ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനും ഉതകുമെന്നും മന്ത്രി പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ നാഷനൽ ഡയലോഗ്, ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സോഷ്യൽ ഡയലോഗ് ഫോറം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

