സൗദിയിൽ വനിതകൾക്ക് പൈലറ്റ് പരിശീലനം ആരംഭിക്കുന്നു
text_fieldsജിദ്ദ: വനിതകൾക്ക് ഡ്രൈവിങിനുള്ള വിലക്ക് നീക്കിയതിന് ഒപ്പം വനിത പൈലറ്റ് പരിശീലനവും ആരംഭിക്കുന്നു. വൈമാനിക പരിശീലന രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ഒാക്സ്ഫോഡ് ഏവിയേഷൻ അക്കാഡമിയാണ് സൗദിയിൽ വനിതകൾക്കായി വാതിൽ തുറക്കുന്നത്. അക്കാഡമിയുടെ ദമ്മാമിലെ പുതിയ ശാഖയിൽ സെപ്റ്റംബർ മുതൽ ക്ലാസ് തുടങ്ങും. ദമ്മാം വിമാനത്താവളത്തിന് അനുബന്ധമായുള്ള 300 ദശലക്ഷം ഡോളറിെൻറ എയർക്രാഫ്റ്റ് മെയിൻറനൻസ് സ്കൂൾ, ഇൻറർനാഷനൽ സെൻറർ ഫോർ ഫ്ലൈറ്റ് സിമുലേറ്റർ എന്നിവയുടെ ഭാഗമാണ് അക്കാഡമിയും.
മൂന്നുവർഷത്തെ പാഠ്യ, പ്രവൃത്തി പരിശീലനമാണ് വിദ്യാർഥികൾക്ക് ഇവിടെ നിന്ന് ലഭിക്കുകയെന്ന് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഉസ്മാൻ അൽ മുതൈരി പറഞ്ഞു. ഇംഗ്ലണ്ടിലെ ഒാക്സ്ഫോഡ് ആസ്ഥാനമായ അക്കാഡമി 1961 ലാണ് സ്ഥാപിതമായത്. യു.എസ്, ബെൽജിയം, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, അയർലണ്ട്, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇവർക്ക് പഠന കേന്ദ്രങ്ങളുണ്ട്. 165 വിമാനങ്ങളാണ് സ്ഥാപനത്തിന് ആഗോളതലത്തിൽ ഉള്ളത്. വിവിധ രാജ്യങ്ങളിലെ അക്കാഡമികളിൽ നിന്നായി പ്രതിവർഷം 2,000 പൈലറ്റുമാരാണ് പഠനം പൂർത്തിയാക്കി ഇറങ്ങുന്നത്.
സൗദി നാഷനൽ കമ്പനി ഒാഫ് ഏവിയേഷെൻറ നിയന്ത്രണത്തിലാണ് ദമ്മാമിലെ അക്കാഡമിയുടെ പ്രവർത്തനം. ഒാരോവർഷവും 400 കേഡറ്റുകളാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ ഏവിയേഷൻ പഠനത്തിന് എല്ലാവരും വിദേശത്താണ് പോയിരുന്നതെന്നും പുരുഷൻമാരേക്കാൾ ഇത് വനിതകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നുവെന്നും ദമ്മാമിൽ ഇൗ വർഷം പഠിക്കാനൊരുങ്ങുന്ന ദലാൽ യശാർ എന്ന വിദ്യാർഥി പറയുന്നു. സൗദിയിൽ തന്നെ വൈമാനിക പഠന സൗകര്യം വന്നതോടെ ആ ബുദ്ധിമുട്ട് ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
