‘സ്ത്രീ പള്ളിയിലും പൊതു ഇടങ്ങളിലും’: പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ‘സ്ത്രീ പള്ളിയിലും പൊതു ഇടങ്ങളിലും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ഷിഹാബ് സലഫി സംസാരിച്ചു. മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പോകാമെന്നും പാടില്ലെന്നത് ചിലർ ഉണ്ടാക്കിയതാണെന്നും അഭിപ്രായപ്പെട്ട പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ മകളുടെ നിലപാട് പക്വതയുള്ളതും ഇസ്ലാമിക പ്രമാണങ്ങളോട് ചേർന്ന് നിൽക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രമാണങ്ങളോട് യോജിക്കുന്ന ഒരഭിപ്രായം പറഞ്ഞതിന് ആ കുട്ടിയെ തിരുത്തുന്നവർ യഥാർഥത്തിൽ പ്രവാചകനെയാണ് തിരുത്തുന്നത്.
പള്ളിയിൽ വളർന്ന മറിയം ബീവിയോട് അവിടെ നമസ്കരിക്കുന്നവരുടെ കൂടെ നമസ്കരിക്കാനാണ് ഖുർആൻ കൽപ്പിച്ചത്. നിർബന്ധമല്ലാത്ത നോമ്പെടുക്കാൻ വരെ ഒരു സ്ത്രീക്ക് ഭർത്താവിെൻറ അനുമതി വേണമെന്ന് പഠിപ്പിച്ച പ്രവാചകൻ തന്നെ ഒരു സ്ത്രീ രാത്രിയിൽ പോലും പള്ളിയിൽ പോകാൻ അനുമതി ചോദിച്ചാൽ തടയാൻ പാടില്ലെന്നാണ് ഉണർത്തിയത്. നിർബന്ധമല്ലാത്ത നമസ്കാരങ്ങൾ വരെ സ്ത്രീകൾക്ക് പള്ളിയിൽ വെച്ച് നമസ്കരിക്കാമെന്ന് പ്രവാചകവചനങ്ങളിലുണ്ടെന്ന് നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക വിഭാഗങ്ങളൊക്കെ അംഗീകരിക്കുന്ന ഇമാം നവവി അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ വർഷവും റമദാൻ മാസത്തിലെ അവസാന 10 ദിവസങ്ങളിൽ പ്രവാചകൻ പള്ളിയിൽ തന്നെ കഴിച്ചുകൂട്ടിയത് മാതൃകയാക്കിക്കൊണ്ട് അദേഹത്തിെൻറ ഭാര്യമാർ പ്രവാചകൻ ജീവിച്ചിരുന്നപ്പോഴും അദേഹത്തിെൻറ വിയോഗത്തിന് ശേഷവും അങ്ങനെ ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ കാണാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
34 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഇസ്ലാഹീ സെൻറർ എക്സിക്യൂട്ടീവ് അംഗവും ഓഡിയോ, വീഡിയോ, മെയിൻറനൻസ് കമ്മിറ്റി കൺവീനർ കൂടിയായി സേവനമനുഷ്ടിച്ച മുഹമ്മദ് കുട്ടി നാട്ടുകല്ലിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരകുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

