ഉറക്കം കെടുത്തുന്ന മുഖങ്ങൾ
text_fieldsഫലസ്തീൻ ജനതയുടെ സങ്കടക്കാഴ്ചകളിലൂടെയാണല്ലോ നമ്മുടെ ദിനങ്ങൾ കടന്നുപോകുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷെ ലോകം അവരെ ശ്രദ്ധിച്ചതും ഓരോ ജീവനും വിലയുണ്ടെന്ന് മനസ്സിലാക്കിയതും ഇസ്രായേലിന് തിരിച്ചടി കിട്ടിയപ്പോൾ മാത്രമാണ്. ചെറുത്തുനിൽപ്പിനെ തീവ്രവാദമായി ചിത്രീകരിക്കുന്നവരും ‘എലിയെ വിട്ട് ആനയെ വരുത്തിയവർ’, ‘ചുമ്മാ ഇരിക്കുന്നവരെ തോണ്ടി ഇരന്ന് വാങ്ങിയവർ’ എന്നൊക്കെ വിശേഷിപ്പിക്കുന്നവരുമാണ് സോഷ്യൽ മീഡിയ നിറയെ.
ചരിത്രമോ സത്യമോ അറിയാഞ്ഞിട്ടല്ല, ഉറക്കം നടിക്കുകയാണ്. അവരെ ഉണർത്താൻ കഴിയില്ല. നുണ മാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. 2023 സെപ്റ്റംബർ വരെ മാത്രം ഇരുനൂറിലധികം ഫലസ്തീനികൾ പല തവണയായി ഇസ്രായേലി പട്ടാളക്കാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ വാർത്തയല്ല.
സ്വന്തം നാട്ടിൽ ജയിലിലെന്ന പോലെ അഭയം കൊടുത്തവരാൽ ജീവിക്കേണ്ടി വരുക എന്നത് എത്രത്തോളം ഭയാനകരമാണ്, എന്തൊരവസ്ഥയാണത്! ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു മാനുഷിക പരിഗണയും കിട്ടാതെ ഒരു ജനത... മനുഷ്യത്വത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന ലോകമേ നിങ്ങളൊക്കെ എവിടെ എന്ന ഫലസ്തീനി വിദ്യാർഥിനിയുടെ ചോദ്യം നമ്മുടെയൊക്കെ ഹൃദയത്തിൽ വന്ന് തറക്കുന്നുണ്ട്.
അത്യാവശ്യത്തിനുള്ള മരുന്നോ സേവനമോ നൽകാൻ കഴിയാത്ത ആശുപത്രിക്ക് മുകളിൽ പോലും ബോംബിട്ടു അഞ്ഞൂറിലധികം പേരുടെ ജീവനെടുക്കണമെങ്കിൽ എത്ര വലിയ തെമ്മാടിക്കൂട്ടങ്ങളായിരിക്കും അവർ!
തകർന്ന് കിടക്കുന്ന ചുവരുകൾക്കിടയിൽ അബ്ദുല്ല എന്ന് വിളിച്ച് മകനെ തിരയുന്ന പിതാവിന്റെയും ബോംബേറിൽനിന്ന് രക്ഷപ്പെട്ടിട്ടും അതുണ്ടാക്കിയ ട്രോമയിൽനിന്നും മോചിതനാവാതെ കരയാൻ പോലും കഴിയാതെ വിറച്ചുനിൽക്കുന്ന മോന്റെയും എന്റെ ആങ്ങളയെ വിട്ടുതരാമോ എന്ന് പട്ടാളക്കാരനോട് കെഞ്ചുന്ന പെങ്ങളുടെയും മുഖങ്ങൾ മനസ്സിൽ മാറി മാറി തെളിയുന്നു.
അങ്ങനെ എത്രയെത്ര മുഖങ്ങൾ... അബ്ദുല്ലയെ ജീവനോടെ ആ പിതാവിന് ലഭിച്ചിട്ടുണ്ടാവോ? മരിച്ചിട്ടില്ലെങ്കിൽ ഒരിറ്റു ജീവജലം കൊടുക്കാൻ വെള്ളം കിട്ടുമോ! എന്നാണ് ഫലസ്തീൻ ജനതക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുക? മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായാണ് നേരം വെളുപ്പിക്കാൻ ശ്രമിക്കുന്നത്. അവർക്ക് കൊടുക്കാൻ നമ്മുടെ കൈയിലുള്ള ആയുധം പ്രാർഥന മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

