സൗദിയിലേക്ക് ശൈത്യകാല ദേശാടന പക്ഷികളുടെ വരവായി
text_fieldsസൗദിയുടെ വടക്കൻ അതിർത്തി മേഖലയിൽ ഡെസർട്ട് ഗോൾഡ് ഫിഞ്ച് ദേശാടനപക്ഷികളെത്തിയപ്പോൾ
യാംബു: സൗദി അറേബ്യയിൽ ശൈത്യകാല ദേശാടനപക്ഷികളുടെ വരവ് തുടങ്ങി. ചെങ്കടൽ തീരങ്ങളിലും വടക്കൻ അതിർത്തി മേഖലകളിലും ഈ സീസണിൽ അന്യദേശങ്ങളിൽനിന്ന് നിരവധി പക്ഷികളാണ് എത്തുന്നത്. പറവകൾക്ക് വേണ്ട ആവാസ വ്യവസ്ഥയൊരുക്കുന്ന പ്രകൃതി വിഭവങ്ങൾ എമ്പാടുമുണ്ടിവിടെ. ചെങ്കടൽത്തീരങ്ങളിൽ പലയിടത്തും കാണുന്ന ഇടതൂർന്ന് നിൽക്കുന്ന കണ്ടൽക്കാടുകളുടെ ഹരിതാഭമായ ആവാസ വ്യവസ്ഥ പക്ഷികളെ ആകർഷിക്കുന്ന ഒരു ഘടകമാണ്.
പകൽ നേരങ്ങളിൽ ജലാശയങ്ങളിലും ചതുപ്പുനിലയങ്ങളിലും ഇരതേടുകയും സന്ധ്യയാകുന്നതോടെ സമീപത്തെ കണ്ടൽക്കാടുകളിൽ അവ ചേക്കേറുകയും ചെയ്യുന്നു. പച്ചപുതച്ച മരുഭൂമലനിരകളിലും താഴ്‌വരകളിലും ദേശാടനപക്ഷികൾ വിരുന്നെത്തുന്ന അഭൂതപൂർവമായ കാഴ്‌ചയാണുള്ളത്. സൗദിയുടെ ആകാശത്തിലൂടെ പ്രതിവർഷം 50 കോടിയിലേറെ ദേശാടന പക്ഷികൾ സഞ്ചാരം നടത്തുന്നതായി സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഭക്ഷണം തേടിയുള്ള സീസൺ യാത്രകളിൽ സൗദിയുടെ വിവിധ കടൽത്തീരങ്ങളിലും വിവിധ മലനിരകളിലും ദേശാടന പക്ഷികളുടെ സാന്നിധ്യം വർധിച്ച തോതിൽ പ്രകടമാണ്. ‘ഡെസർട്ട് ഗോൾഡ് ഫിഞ്ച്’ എന്ന പേരിൽ അറിയപ്പെടുന്ന ദേശാടന പക്ഷികൾ വടക്കൻ അതിർത്തി മേഖലയിൽ ഇപ്പോൾ ധാരളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. മണൽ കലർന്ന തവിട്ടുനിറവും ചിറകുകളിൽ തിളക്കമുള്ള പിങ്ക്, വെള്ളി നിറങ്ങളിലെ തൂവലുകളും ഡെസർട്ട് ഗോൾഡ് ഫിഞ്ചിനെ വ്യത്യസ്തമാക്കുന്നു.
യൂറോപ്പ്, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെട്ടുന്നത്. ജല ലഭ്യത കൂടുതലുള്ള മരുഭൂപ്രദേശങ്ങളിലാണ് ഇവ കൂടുതൽ ജീവിക്കുന്നത്. കൃഷി ചെയ്യുന്ന താഴ്‌വരകൾ, കുന്നുകൾ, താഴ്ന്ന പർവതങ്ങൾ എന്നിവിടങ്ങളിലും ഈ പക്ഷികൾ കൂടൊരുക്കുന്നു. രാജ്യത്തിെൻറ വടക്കൻ അതിർത്തി മേഖലകൾ ഈ പക്ഷിക്ക് അനുയോജ്യമായ ശൈത്യകാല സ്ഥലമായി മാറിയിരിക്കുകയാണ്. വിത്തുകളും കാട്ടുചെടികളുമാണ് പ്രധാനമായും ഗോൾഡ് ഫിഞ്ചുകളുടെ ഭക്ഷണം. ഇൗ പക്ഷികളുടെ വിരിഞ്ഞുനിൽക്കുന്ന തൂവലുകളും ശ്രുതിമധുരമായ കളകൂജനവും ഏറെ ആകർഷണീയമാണ്. പക്ഷി നിരീക്ഷകർക്കും ജൈവവൈവിധ്യത്തിൽ താൽപ്പര്യമുള്ളവർക്കും മുഖ്യമായൊരു ഇടമായി വടക്കൻ അതിർത്തി മേഖലകൾ മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

