സൗദിയുടെ വടക്കൻ അതിർത്തിയിൽ ശൈത്യം കഠിനമാകുന്നു
text_fieldsഅറാർ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രവിശ്യകളിൽ ശൈത്യം കടുക്കുന്നു. ബുധനാഴ്ച രാവിലെ മുതൽ മേഖലയിൽ താപനില കുത്തനെ താഴ്ന്നു. പ്രവിശ്യയിലെ തുറൈഫ് നഗരത്തിൽ ഇന്ന് പുലർച്ചെ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കടുത്ത തണുപ്പിനെത്തുടർന്ന് മേഖലയിലെ ജനജീവിതം മഞ്ഞിൽ പുതഞ്ഞ അവസ്ഥയിലാണ്.
തുറൈഫ് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൗതുകകരവും അതിലേറെ അദ്ഭുതപ്പെടുത്തുന്നതുമാണ്. ജലാശയങ്ങളിലെ വെള്ളം ഐസ് പാളികളായി മാറി സ്ഫടികം പോലെ തിളങ്ങുന്നു. മഴത്തുള്ളികളും വെള്ളത്തിന്റെ ഒഴുക്കും പാതിവഴിയിൽ ഉറഞ്ഞ നിലയിലാണ്. കലാകാരൻ ചില്ലിൽ വാർത്തെടുത്ത ശിൽപങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലാണ് മരച്ചില്ലകളിലും മറ്റും ഐസ് ക്യൂബുകൾ തൂങ്ങിക്കിടക്കുന്നത്.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, വടക്കൻ അതിർത്തി നഗരമായ അരാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. മേഖലയിലുടനീളം ശക്തമായ ശീതതരംഗം വീശിയടിക്കുന്നതിനാൽ വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരും.
റോഡുകളിൽ മഞ്ഞുപാളികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തെന്നിനീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം. തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്. അരാർ നഗരവും പരിസര പ്രദേശങ്ങളും വരും മണിക്കൂറുകളിൽ കൂടുതൽ കനത്ത മഞ്ഞിലേക്ക് മാറുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

