സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുട്ബാൾ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കൾ
text_fieldsസി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുട്ബാൾ ജേതാക്കളായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ടീം
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുട്ബാൾ ടൂർണമെന്റിൽ മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ (ഐ.ഐ.എസ്.എം) ചാമ്പ്യന്മാരായി. ടൂർണമെന്റിൽ കുവൈത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള 20 ടീമുകളാണ് പങ്കെടുത്തത്. ആദ്യ മത്സരത്തിൽ കാർമൽ സ്കൂളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഐ.ഐ.എസ്.എം തോൽപിച്ചത്. ക്വാർട്ടറിൽ ഇന്ത്യൻ സെൻട്രൽ സ്കൂളിനെ 1-0ത്തിനും സെമിയിൽ ഗൾഫ് ഇന്ത്യൻ സ്കൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും പരാജയപ്പെടുത്തി.
ഫൈനലിൽ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഐ.ഐ.എസ്.എം ജേതാക്കളായത്. ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാറിന്റെ പരിശീലനത്തിലാണ് സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്. അടുത്ത മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ നാഷനൽ മീറ്റിൽ പങ്കെടുക്കാൻ സ്കൂൾ യോഗ്യത നേടി. ടീം അംഗങ്ങളെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ എന്നിവർ അനുമോദിച്ചു.

