പാറ്റകൾ കൂട്ടത്തോടെ ആസ്ഥാനത്തേക്ക് വരാനിരിക്കുന്നത് വൻ പ്രക്ഷോഭമോ?
text_fieldsനീറ്റ് ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിരലിലെണ്ണാവുന്ന ആളുകൾ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയം രാജ്യം കണ്ട വൻ പ്രക്ഷോഭങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഭരണകക്ഷിയായ ബി.ജെ.പി ഈ മുന്നേറ്റത്തെ പരിഹസിച്ചും പുച്ഛിച്ചും തള്ളിയെങ്കിലും, കാര്യങ്ങൾ വേഗത്തിൽ ഗൗരവതരമായി മാറുകയായിരുന്നു.
രാജ്യത്ത് നടക്കുന്ന പ്രധാന പരീക്ഷകൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ സമൂഹമാധ്യമങ്ങൾ വഴി ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മുൻപും നടന്നിട്ടുണ്ടെങ്കിലും, അവയെല്ലാം ഒന്നിച്ച് പാർലമെൻറിനും പ്രധാനമന്ത്രിയുടെ വസതിക്കും മുന്നിലേക്ക് ഇരച്ചെത്തുമെന്ന് ഭരണപക്ഷമോ പ്രതിപക്ഷമോ കരുതിയിരുന്നില്ല. ഡൽഹിയെ പൂർണമായും സ്തംഭിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ കൂട്ടത്തോടെ സി.ജെ.പി ബാനറിന് കീഴിൽ അണിനിരന്നത് ആഗോളതലത്തിൽ തന്നെ വലിയ വാർത്തയായി മാറി. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കൂടി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ, ഇതിെൻറ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി.
സമരത്തെ നേരിടാൻ പൊലീസും സേനയും തെരുവിലിറങ്ങി അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചതോടെ പ്രതിപക്ഷത്തിനും കൈയ്യുംകെട്ടി നോക്കിനിൽക്കാനായില്ല. പിന്നീട് കണ്ടത് പ്രതിപക്ഷത്തിെൻറ സജീവ ഇടപെടലായിരുന്നു. നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.
ഈ സാഹചര്യം സർക്കാരിെൻറ ആകെ കൊള്ളരുതായ്മകൾക്കെതിരെ തിരിച്ചുവിടാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിെൻറ നീക്കം. ലോക ചരിത്രം പരിശോധിച്ചാൽ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയ സമരങ്ങളെല്ലാം വിജയം കണ്ടേ മടങ്ങിയിട്ടുള്ളൂ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. പരിഹാസങ്ങൾ മാറ്റിവെച്ച് സർക്കാർ ഇപ്പോൾ ചർച്ചകൾക്ക് തയ്യാറായതും ഈ ഭയം കൊണ്ടാകാം. എന്തായാലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ ‘പാറ്റകൾ’ പിന്മാറില്ലെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. സർക്കാരിനെ മുൾമുനയിൽ നിർത്താൻ പ്രതിപക്ഷം കൂടി ശക്തമായി രംഗത്തിറങ്ങിയതോടെ വരുംദിവസങ്ങളിൽ സാഹചര്യം കൂടുതൽ കലുഷിതമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

