സൗദി അറേബ്യക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളും: ജി.സി.സി കൗൺസിൽ
text_fieldsറിയാദ്: സൗദിയുടെ തെക്കുഭാഗത്ത് പൗരന്മാരെയും ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു.
സൗദിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും, രാജ്യത്തിെൻറ അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാരെയും രാജ്യത്തിെൻറ സ്വത്തുക്കളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളും അതുമൂലമുണ്ടാകുന്ന പരിക്കുകളും അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി.
ഇത് പ്രദേശത്തിെൻറ സമാധാനത്തിനും സ്ഥിരതക്കും വലിയ ഭീഷണിയാണ്. ഹൂതി സംഘടനയുടെ ദുഷ്ടലാക്കാണ് ഈ തുടർച്ചയായ ആക്രമണങ്ങൾ വെളിപ്പെടുത്തുന്നതെന്നും, യമനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ അവർ നിരസിക്കുന്നുവെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിലിയൻ സ്ഥാപനങ്ങളെയും രാജ്യങ്ങളുടെ സ്വത്തുക്കളെയും ലക്ഷ്യമിടുന്നത് ഏത് സാഹചര്യത്തിലും ന്യായീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയാത്ത അപലപനീയമായ ഭീകരപ്രവർത്തനമാണ്. ഇത്തരം ആക്രമണങ്ങളുടെ തുടർച്ച പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും, മേഖലയുടെ സുരക്ഷയെയും ജനങ്ങളുടെ താൽപ്പര്യങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഇത്തരം നടപടികൾ തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഈ ആക്രമണങ്ങൾക്കും അവക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കും പിന്തുണ നൽകുന്നവർക്കുമെതിരെ ശക്തവും പ്രതിരോധപരവുമായ നിലപാട് സ്വീകരിക്കണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
സൗദിയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും ദേശീയ സമ്പത്തും ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തെയും നേരിടുന്നതിൽ രാജ്യത്തിനൊപ്പം പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, അതിർത്തികൾ സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അൽ ബുദൈവി ആവർത്തിച്ചു വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

