2026 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സൗദി അറേബ്യ കളിക്കുമോ? നിർണായക പോരാട്ടം ചൊവ്വാഴ്ച
text_fieldsസൗദി അറേബ്യ ടീം
ജിദ്ദ: 2026 ലോകകപ്പ് ഫുട്ബാളിനായുള്ള ഏഷ്യൻ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ട് നിർണായക പോരാട്ടം ചൊവ്വാഴ്ച ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ നടക്കും. തുടർച്ചയായി മൂന്നാംതവണയും മൊത്തത്തിൽ ഏഴാം തവണയും ലോകകപ്പിന് യോഗ്യത നേടാൻ സൗദി അറേബ്യൻ ദേശീയ ടീം തങ്ങളുടെ ചിരവൈരികളായ ഇറാഖിനെ നേരിടും.
ഇറാഖ് ടീം
ഏഷ്യൻ യോഗ്യത മത്സരത്തിലെ നാലാം റൗണ്ടിൽ ഗ്രൂപ് ബിയിൽ സൗദി ഗ്രീൻ ഫാൽക്കൺസ് നിലവിൽ ഒരു മത്സരത്തിൽ നിന്ന് മൂന്ന് പോയന്റുമായി ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്താണ്. ഇറാഖിനും ഇതേ പോയന്റാണുള്ളത്. ഇതേ ഗ്രൂപ്പിലെ ഇന്തോനേഷ്യ രണ്ട് മത്സരങ്ങളിൽ നിന്നും പോയന്റുകളൊന്നും നേടാതെ പുറത്തായി. ഇന്തോനേഷ്യക്കെതിരെ 3-2 സ്കോറിന് സൗദിയും 1-0 സ്കോറിന് ഇറാഖും ജയിച്ചിരുന്നു.
ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന ടീമിനെ തീരുമാനിക്കുന്ന ഒരു ‘ഫൈനൽ’ മത്സരം തന്നെയാണ് ചൊവ്വാഴ്ച് നടക്കാനിരിക്കുന്നത്. വിജയിക്കുന്ന ടീം 2026 ലോകകപ്പിന് യോഗ്യത നേടും. പരാജയപ്പെടുന്ന ടീം ഗ്രൂപ് എയിലെ രണ്ടാംസ്ഥാനക്കാരുമായി പ്ലേ ഓഫ് കളിച്ച് അതിലെ വിജയിയെ ആഗോള പ്ലേ ഓഫിലേക്ക് അയക്കും. ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാരണം സൗദിക്ക് ഇന്നത്തെ മത്സരത്തിൽ സമനില പിടിച്ചാൽ പോലും ലോകകപ്പ് 2026 ലേക്ക് നേരിട്ടുള്ള യോഗ്യത ലഭിക്കും. എന്നാൽ ഇറാഖിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
കഴിഞ്ഞ ബുധനാഴ്ച അവസാന മത്സരം കളിച്ച സൗദിക്ക് മതിയായ തയ്യാറെടുപ്പ് സമയം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്തോനേഷ്യക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച മിഡ്ഫീൽഡർ മുഹമ്മദ് കാനോയുടെ അഭാവം പരിശീലകൻ ഹെർവ് റെനാർഡിന് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ സമനില ഗോൾ നേടിയ യുവതാരം സാലിഹ് അബു അൽ ഷമത്തിലും, രണ്ട് ഗോളുകൾ നേടിയ ഫിറാസ് അൽ ബുറൈഖാനിലും കോച്ച് പ്രതീക്ഷയർപ്പിക്കുന്നു.
മറുവശത്ത്, പരിശീലകൻ ഗ്രഹാം ആർനോൾഡിന്റെ കീഴിൽ ഇറങ്ങിയ ഇറാഖ് അവരുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് പ്രവേശനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 16 യോഗ്യതാ മത്സരങ്ങളിൽ മൂന്ന് തവണ മാത്രം ഗോൾ നേടാൻ കഴിയാതെ പോയ അവരുടെ ആക്രമണനിര ശക്തമാണ്. എന്നാൽ അവരുടെ ടോപ് സ്കോറർ അയ്മൻ ഹുസൈന്റെ ഫിറ്റ്നസ് ആശങ്കയിലാക്കിയിട്ടുണ്ട്. കൂടാതെ ചുവപ്പ് കാർഡ് കാരണം സെയ്ദ് തഹ്സീനും പുറത്താണ്.
ഏഷ്യയിലെ ആധിപത്യം നിലനിർത്തി ലോകകപ്പ് പ്രവേശം ഉറപ്പിക്കാൻ സൗദിയും, പുതിയ ചരിത്രം രചിക്കാൻ ഇറാഖും ഇറങ്ങുമ്പോൾ തീ പാറുന്ന ഒരു മത്സരമാണ് ഇന്ന് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 9.45 നാണ് മത്സരം. തീപ്പൊരി പോരാട്ടത്തിനുള്ള പ്രവേശന ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിട്ടുണ്ട്. നിർണായക മത്സരത്തിനായി സൗദി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

